വിവാദങ്ങൾക്ക് അവസാനിപ്പിച്ച് കൊണ്ട് അടുത്ത സീസണിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ക്രിസ് ഗെയ്ൽ കളിക്കും. ബംഗ്ലാദേശ് പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിലാവും ക്രിസ് ബംഗ്ളദേശ് പ്രീമിയർ ലീഗ് ടീമായ ചാറ്റോഗ്രാം ചലഞ്ചേഴ്സിന് വേണ്ടി കളിക്കുക.
നേരത്തെ ക്രിക്കറ്റിൽ നിന്ന് വിശ്രമം എടുക്കുകയാണെന്ന് പറഞ്ഞ് ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പരമ്പരയിൽ നിന്നും ബിഗ് ബാഷ് ലീഗിൽ നിന്നും വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഡ്രാഫ്റ്റിൽ താൻ എങ്ങനെ എത്തിയെന്ന് തനിക്ക് അറിയില്ലെന്നും താരം അറിയിച്ചിരുന്നു.
തുടർന്ന് ചാറ്റോഗ്രാം ചലഞ്ചേഴ്സ് ഉടമകൾ ക്രിസ് ഗെയ്ൽ ടീമിന് വേണ്ടി കളിച്ചില്ലെങ്കിൽ താരത്തിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം താരം ടീമിന് വേണ്ടി ഈ സീസണിൽ കളത്തിലിറങ്ങും. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി ഉണ്ടെന്നും താരം പൂർണമായും ഫിറ്റ് ആവാൻ സമയമെടുക്കുമെന്നും ടീം മാനേജിങ് ഡയറക്ടർ കെ.എം രിഫാറ്റുസമാൻ പറഞ്ഞു. ടൂർണമെന്റിന്റെ തുടക്കത്തിൽ താരം പൂർണമായും ഫിറ്റ് ആവില്ലെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ താരം കളിക്കുമെന്നും മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.