ഷാക്കിബ് തന്റെ വിടപറയല്‍ തീരുമാനം നേരത്തെ നേര്‍വഴിയില്‍ അറിയിക്കണമായിരുന്നു

ധാക്ക ഡൈനാമൈറ്റ്സില്‍ നിന്ന് വേറൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുവാന്‍ ഷാക്കിബ് അല്‍ ഹസന് താല്പര്യമുണ്ടെങ്കില്‍ അത് ടീം മാനേജ്മെന്റിനെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ധാക്ക ഡൈനാമൈറ്റ്സ് സിഇഒ ഒബൈദ് നിസാം. താരം രംഗ്പൂര്‍ റൈഡേഴ്സിലേക്ക് മാറുവാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അവസാന നിമിഷം അത് നടക്കാതെ പോയി. അത് കൂടാതെ ഇനി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് ബംഗ്ലാദേശ് ബോര്‍ഡ് തീരുമാനിക്കുകയും ചെയ്യുകയാണുണ്ടായത്.

താരം ടീമില്‍ നിന്ന് പോകുന്നതില്‍ തങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പുമുണ്ടായിരുന്നില്ലെന്നും എന്നാല്‍ അത് യഥാവിധി തങ്ങളോട് അറിയിക്കേണ്ട ചുമതല ഷാക്കിബിനുണ്ടായിരുന്നുവെന്നും സിഇഒ പറഞ്ഞു. ഷാക്കിബ് തങ്ങളുടെ ഫ്രാഞ്ചൈസി വിട്ടുവെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ക്ക് നല്‍കി വരുന്ന സേവനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് ഫ്രാഞ്ചൈസി അറിഞ്ഞു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ തീരുമാനത്തിന് പിന്നിലും ഡൈനാമൈറ്റ്സാണെന്നാണ് പരക്കെ ഫ്രാഞ്ചൈസികള്‍ക്കിടയിലെ സംസാരം.

ഷാക്കിബ് മാത്രമല്ല ഏത് താരത്തിനും അത്തരത്തില്‍ വേറെ ടീമിലേക്ക് പോകാമെന്നും തനിക്ക് അതിനൊരു പ്രശ്നമില്ലെന്നും നിസാം പറഞ്ഞു. എന്നാല്‍ ടൂര്‍ണ്ണമെന്റ് നിയമാവലിയില്‍ പറഞ്ഞിട്ടുള്ള തരത്തിലാണ് കാര്യങ്ങള്‍ നടക്കേണ്ടതെന്ന് മാത്രം നിസാം വ്യക്തമാക്കി. പല ഫ്രാഞ്ചൈസികളും നിയമാവലികള്‍ ലംഘിക്കാറുണ്ടെങ്കിലും തങ്ങള്‍ അത്തരത്തിലൊന്നും ഇതുവരെ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഓയിന്‍ മോര്‍ഗന്‍ ധാക്ക ഡൈനാമൈറ്റ്സിന് വേണ്ടി കളിക്കാനെത്തുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് നായകന്‍ കൂടിയായ ഓയിന്‍ മോര്‍ഗന്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. ധാക്ക ഡൈനാമൈറ്റ്സിന് വേണ്ടിയാണ് പുതിയ സീസണില്‍ താരം കളിക്കുക. പരിമിത ഓവര്‍ ക്രിക്കറ്റിലും പൊതുവേ ടി20യിലുമുള്ള ഓയിന്‍ മോര്‍ഗന്റെ അനുഭവ പരിചയം ടീമിന് മുതല്‍ക്കൂട്ടാവുമെന്നാണ് ഡൈനാമൈറ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ഒബൈദ് നിസാം പറഞ്ഞത്. സീസണ്‍ മുഴുവന്‍ താരത്തിന്റെ സേവനം ഫ്രാഞ്ചൈസിയ്ക്ക് ലഭിക്കുമെന്നും ടീം പ്രതീക്ഷിച്ചു.

ഒരു ടീമില്‍ രണ്ട് വിദേശ താരങ്ങളെ ആവാമെന്നിരിക്കെയാണ് മോര്‍ഗനെ ടീമിലേക്ക് ഫ്രാഞ്ചൈസി എത്തിച്ചിരിക്കുന്നത്. ടീമിനെ മുമ്പ് നയിച്ചിട്ടുള്ള താരം കൂടിയായ ഷാക്കിബിനെ ക്യാപ്റ്റന്‍സി ഏല്പിക്കുമോ അതോ മോര്‍ഗനെ ആ ദൗത്യം ഏല്പിക്കുമോ എന്നതാണ് ഇനി ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ട ഒരു തീരുമാനം.

ഏകദിന വിരമിക്കലിന് ശേഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് ഡുമിനി എത്തുന്നു

ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. 35 വയസ്സുള്ള താരം രാജ്ഷാഹി കിംഗ്സിന് വേണ്ടിയാണ് കളിക്കാനെത്തുന്നത്. ഡ്രാഫ്ടിന് പുറത്തുള്ള താരമായാണ് ജെപി ഡുമിനിയെ ടീം എത്തിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് താരം എത്തുന്നത്. കഴിഞ്ഞ ദിവസമാണ് യൂറോ ടി20 സ്ലാമിലേക്കും താരം കരാറിലെത്തിയത്. യൂറോ ടി20 ബ്ലാസ്റ്റില്‍ ബെല്‍ഫാസ്റ്റ് ടൈറ്റന്‍സിന്റെ മാര്‍ക്കീ താരമായാണ് ഡുമിനി എത്തിയത്.

ഫ്രാഞ്ചൈസി ലീഗ് ക്രിക്കറ്റില്‍ സജീവമായ താരം ഐപിഎലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലുണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഷെയന്‍ വാട്സണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്, ഖുല്‍ന ടൈറ്റന്‍സിന് വേണ്ടി കളിക്കും

മുന്‍ ഓസ്ട്രേലിയന്‍ നായകനും ഓള്‍റൗണ്ടറുമായ ഷെയിന്‍ വാട്സണ്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക്. 2019-20 സീസണിലേക്ക് ഖുല്‍ന ടൈറ്റന്‍സിന് വേണ്ടിയാണ് താരം കളിക്കുക. ഡിസംബര്‍ ആദ്യ വാരം ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റില്‍ വാട്സണ്‍ പൂര്‍ണ്ണമായും കളിക്കുമെന്നാണ് അറിയുന്നത്. രാജ്യത്തിനും ഫ്രാഞ്ചൈസി ടീമുകള്‍ക്കുമായി കപ്പുകള്‍ സ്വന്തമാക്കിയ താരമാണ് വാട്സണെന്നും ഇത്തരമൊരു താരത്തെ ടീമിലെത്തിക്കുവാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്നും ഖുല്‍ന ടൈറ്റന്‍സ് മാനേജിംഗ് ഡയറക്ടര്‍ കാസി ഇനാം അഹമ്മദ് പറഞ്ഞു.

ടീമിനൊപ്പം ചേരുന്നതില്‍ താനും ആഹ്ലാദത്തിലാണെന്ന് വാട്സണ്‍ പറഞ്ഞു. താന്‍ വളരെ കാലമായി കളിക്കണമെന്ന് ആഗ്രഹിച്ച ടൂര്‍ണ്ണമെന്റാണെന്നും ഇപ്പോളാണ് തനിക്ക് ഇതിനുള്ള അവസരം ലഭിച്ചതെന്നും വാട്സണും പറഞ്ഞു.

തമിം ഇഖ്ബാൽ താണ്ഡവം, കോമില വിക്ടോറിയൻസിനു ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടം

ബംഗ്ലാദേശ് ഓപ്പണർ തമിം ഇഖ്ബാൽ ക്രീസിൽ താണ്ഡവമാടിയപ്പോൾ ബംഗ്ലാദേശ് പ്രീമിയർ ലീഗ് കിരീടം കോമില്ല വിക്ടോറിയന്സിന്. എതിരാളികളായ ധാക്ക ഡൈനാമൈറ്റ്സിനെ പതിനേഴ് റൺസിനാണ് കോമില്ല പരാജയപ്പെടുത്തിയത്. കോമില്ല വിക്ടോറിയന്സിന്റെ രണ്ടാമത്തെ ബിപിഎൽ കിരീടമാണിത്.

ആദ്യം ബാറ്റ് ചെയ്ത കോമില്ല നിശ്ചിത ഇരുപത് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് ആണ് അടിച്ചെടുത്തത്. 61 പന്തിൽ 11 സിക്സറുകളും 10 ഫോറും പായിച്ച തമിം ഇഖ്ബാൽ നേടിയ 141 റൺസ് ആണ് കോമില്ല വിക്ടോറിയന്സിനെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.

200 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ധാക്ക ഡൈനാമൈറ്റ്സിനെ കോമില്ല വിക്ടോറിയൻസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന സ്‌കോറിൽ ചുരുക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ സുനിൽ നരൈനെ നഷ്‌ടമായ ധാക്കക്ക് വേണ്ടി റോണിയും ഉപുൽ തരംഗയും മുന്നോട്ട് കൊണ്ട് പോയെങ്കിലും നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കോമില്ല വിക്ടോറിയൻസ് വിജയം നേടുകയായിരുന്നു.

ധാക്ക ഫൈനലിലെത്തിച്ച് ആന്‍ഡ്രേ റസ്സല്‍ വെടിക്കെട്ട്, രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 5 വിക്കറ്റ് ജയം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ വിജയം കരസ്ഥമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ധാക്ക യോഗ്യത നേടി. ധാക്കയ്ക്ക് ഫൈനലിലെ എതിരാളികള്‍ കോമില്ല വിക്ടോറിയന്‍സ് ആണ്. 142 റണ്‍സിനു രംഗ്പൂര്‍ റൈഡേഴ്സിനെ പുറത്താക്കിയ ശേഷം 16.4 ഓവറില്‍ 147 റണ്‍സ് നേടിയാണ് ധാക്ക വിജയം ഉറപ്പിച്ചത്.

ഒരു ഘട്ടത്തില്‍ 97/5 എന്ന നിലയിലേക്ക് വീണ് ധാക്കയെ 19 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ആന്‍ഡ്രേ റസ്സലാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നല്‍കിയത്. 5 സിക്സുകളുടെ സഹായത്തോടെയായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. റോണി താലുക്ദാര്‍(35), ഷാക്കിബ് അല്‍ ഹസന്‍(23) എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ പുറത്തെടുത്തു. 16.4 ഓവറിലായിരുന്നു ധാക്കയുടെ ആധികാരിക വിജയം. രംഗ്പൂരിനായി മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി.

ആദ്യം ബാറ്റ് ചെയ്ത രംഗ്പൂരിനെ റൂബല്‍ ഹൊസൈന്റെ 4 വിക്കറ്റുകളാണ് പിടിച്ചുകെട്ടിയത്. 49 റണ്‍സ് നേടിയ രവി ബൊപ്പാരയും മുഹമ്മദ് മിഥുന്‍(38), നദീഫ് ചൗധരി(27) എന്നിവരുടെ പ്രകടനങ്ങളുമാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 142 റണ്‍സ് നേടുവാന്‍ സഹായിച്ചത്. റൂബലിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ഖാസി ഒനിക്കും ആന്‍ഡ്രേ റസ്സലും എത്തിയപ്പോള്‍ രംഗ്പൂരിന്റെ ഇന്നിംഗ്സ് 19.4 ഓവറില്‍ അവസാനിച്ചു.

ലൂയിസ് വെടിക്കെട്ടില്‍ കോമില്ല വിക്ടോറിയന്‍സിനു ഒന്നാം ക്വാളിഫയറില്‍ ജയം, ഫൈനലിലേക്ക് യോഗ്യത

എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കി കോമില്ല വിക്ടോറിയന്‍സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിനെതിരെയാണ് കോമില്ലയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത റൈഡേഴ്സ് 165/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 18.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം വിക്ടോറിയന്‍സ് മറികടന്നു.

ബെന്നി ഹോവല്‍ 28 പന്തില്‍ 5 സിക്സിന്റെ ബലത്തില്‍ നേടിയ 53 റണ്‍സാണ് രംഗ്പൂര്‍ റൈഡേഴ്സിനെ 165 റണ്‍സിലേക്ക് നയിച്ചത്. റിലീ റൂസോവ് 44 റണ്‍സും ക്രിസ് ഗെയില്‍ 46 റണ്‍സും നേടി പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ലയ്ക്ക് വേണ്ടി എവിന്‍ ലൂയിസ് 53 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഒപ്പം ഷംസുര്‍ റഹ്മാന്‍ 15 പന്തില്‍ നിന്ന് 34 റണ്‍സ് നേടി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. അനാമുള്‍ ഹക്ക് 39 റണ്‍സ് നേടി. തമീം ഇക്ബാല്‍ 17 റണ്‍സ് നേടി പുറത്തായി.

നരൈന്റെ മികവില്‍ ധാക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ധാക്ക ഡൈനാമൈറ്റ്സിനു വിജയം. ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ധാക്ക സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ചായ സുനില്‍ നരൈന്‍ 4 വിക്കറ്റും 31 റണ്‍സും നേടി നടത്തിയ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനു തുണയായി മാറിയത്. ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ് 135/8 എന്ന സ്കോര്‍ നേടിയപ്പോള്‍ 16.4 ഓവറില്‍ ധാക്ക 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മൊസ്ദേക്ക് ഹൊസൈന്‍(40), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(36), ശദ്മാന്‍ ഇസ്ലാം(24) എന്നിവരുടെ പ്രകടനത്തിലൂടെയാണ് ചിറ്റഗോംഗ് വൈക്കിംഗ്സ് 135/8 എന്ന സ്കോര്‍ നേടിയത്. സുനില്‍ നരൈന്‍ നാല് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഖാസി ഒനിക് എന്നിവര്‍ ഓരോ വിക്കറ്റും ടീമിനായി നേടി.

ടോപ് ഓര്‍ഡറില്‍ ഉപുല്‍ തരംഗയും സുനില്‍ നരൈനും കൂടി നല്‍കിയ തുടക്കമാണ് ധാക്കയുടെ വിജയത്തിനു അടിത്തറയായി മാറിയത്. നരൈന്‍ 16 പന്തില്‍ 31 റണ്‍സ് നേടി പുറത്തായപ്പോള്‍ ഉപുല്‍ തരംഗ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 51 റണ്‍സ് നേടിയാണ് താരം പുറത്തായത്. റോണി താലുക്ദാര്‍, നുരൂള്‍ ഹസന്‍(20*) എന്നിവരും ശ്രദ്ധേയമായ പ്രകടനം നടത്തി. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി ചിറ്റഗോംഗ് ബൗളര്‍മാരില്‍ തിളങ്ങി.

രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടീമിന്റെ പരിശീലന സെഷനു ശേഷം കോച്ച് ടോം മൂഡിയാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.

താരം ലണ്ടനിലേക്ക് ഉടനെ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതെന്നും മൂഡി വ്യക്തമാക്കി. പരിക്ക് ഫീല്‍ഡിംഗിനിടെയല്ലെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് ചോദിച്ചപ്പോള്‍ അറിയിച്ചിട്ടുണ്ടെന്നും മൂഡി അറിയിച്ചു.

ടീം അവസാനം തുടര്‍ച്ചയായി ജയിച്ച നാല് മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ഹെയില്‍സ് കാഴ്ചവെച്ചത്. 85*, 100, 55, 33 എന്നിങ്ങനെയായിരുന്നു ഈ വിജയങ്ങളില്‍ ഹെയില്‍സിന്റെ സംഭാവന.

36 പന്തില്‍ 76, ലോറി ഇവാന്‍സിന്റെ മികവില്‍ വിജയിച്ച് രാജ്ഷാഹി കിംഗ്സ്

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ മികച്ച വിജയം നേടി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 189/5 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും രണ്ടോവര്‍ അവശേഷിക്കെ അഞ്ച് വിക്കറ്റ് വിജയം കരസ്ഥമാക്കുകയായിരുന്നു കിംഗ്സ്. സിക്സേര്‍സിന്റെ നിക്കോളസ് പൂരന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ലോറി ഇവാന്‍സ് ആണ് കിംഗ്സിന്റെ രക്ഷകനായത്.

31 പന്തില്‍ 6 വീതം ബൗണ്ടറിയും സിക്സും നേടി നിക്കോളസ് പൂരന്‍ 76 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സബ്ബിര്‍ റഹ്മാന്‍ 45 റണ്‍സുമായി താരത്തിനു മികച്ച പിന്തുണ നല്‍കി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ സിക്സേര്‍സ് 189 റണ്‍സ് നേടുകയായിരുന്നു. കമ്രുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി കിംഗ്സ് ബൗളര്‍മാരില്‍ തിളങ്ങി. അരാഫത്ത് സണ്ണി, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജ്ഷാഹി കിംഗ്സിനു വേണ്ടി 36 പന്തില്‍ നിന്ന് 76 റണ്‍സ് നേടി ലോറി ഇവാന്‍സ് തിളങ്ങിയെങ്കിലും 18 പന്തില്‍ 42 റണ്‍സ് നേടിയ റയാന്‍ ടെന്‍ ഡോഷാറ്റെയുടെ ഇന്നിംഗ്സാണ് നിര്‍ണ്ണായകമായത്. ജോണ്‍സണ്‍ ചാള്‍സ് 39 റണ്‍സ് നേടി. അലോക് കപാലി, സൊഹൈല്‍ തന്‍വീര്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം തോല്‍വിയേറ്റു വാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 174/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ധാക്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടാനായുള്ളു.

57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ കാമറൂണ്‍ ഡെല്‍പോര്‍ട്ടും 24 പന്തില്‍ 43 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഷ്ഫിക്കുര്‍ റഹിമുമാണ് ചിറ്റഗോംഗിനായി തിളങ്ങിയത്. ധാക്കയ്ക്കായി ആന്‍ഡ്രേ റസ്സല്‍ മൂന്നും സുനില്‍ നരൈന്‍ രണ്ടും വിക്കറ്റ് നേടി.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍(53), നൂരുള്‍ ഇസ്ലാം(33) എന്നിവര്‍ക്കൊപ്പം ആന്‍ഡ്ര റസ്സലും 39 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും ലക്ഷ്യം മറികടക്കുവാന്‍ ധാക്കയ്ക്കായില്ല. വിക്കറ്റുകള്‍ യഥാസമയം വീഴ്ത്തി ചിറ്റഗോംഗ് സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. വിജയികള്‍ക്കായി അബു ജയേദ് മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റ് നേടി.

ചരിത്രമായി റിലീ റൂസോവ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചരിത്ര നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ താരം റിലീ റൂസോവ്. ഒരു സീസണില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന ലീഗിലെ ആദ്യ താരമെന്ന നേട്ടമാണ് ഇന്ന് രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെ 55 റണ്‍സ് നേടുന്നതിനിടെ റൂസോവ് സ്വന്തമാക്കിയത്. റൂസോവ് ഈ നേട്ടം സ്വന്തമാക്കുന്നത് ടൂര്‍ണ്ണമെന്റിന്റെ ആറാം സീസണിലാണ്.

ഇതിനു മുമ്പുള്ള ഉയര്‍ന്ന സ്കോര്‍ 2012ല്‍ ഉദ്ഘാടന സീസണില്‍ അഹമ്മദ് ഷെഹ്സാദ് നേടിയ 486 റണ്‍സായിരുന്നു.

Exit mobile version