ലോക്ക്ഡൗണ്‍ കാരണം വെട്ടോറിയ്ക്ക് കരാര്‍ തുക കിട്ടുകയില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച് വരുന്ന ഡാനിയേല്‍ വെട്ടോറി ഈ കൊറോണ വ്യാപനം കാരണം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. ലോക്ക്ഡൗണ്‍ കാരണം വെട്ടോറിയ്ക്ക് കരാര്‍ തുക കൊടുക്കാനാകില്ലെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്ത് പല താരങ്ങളുടെയും കരാറുകളും വേതനവുമെല്ലാം തടഞ്ഞ് വെച്ചിരിക്കുന്നതോ റദ്ദാക്കുന്നതോ ആയ സാഹചര്യമാണ് നിലവിലുള്ളതെങ്കിലും വെട്ടോറിയുടെ കാര്യത്തില്‍ കരാറിലെ വ്യവസ്ഥയാണ് വിനയായത്. ബംഗ്ലാദേശ് ബോര്‍ഡിന്റെ നിയമന സ്ഥിരം അല്ലാത്തതിനാല്‍ തന്നെ ബോര്‍ഡ് നല്‍കിയ കരാര്‍ പ്രകാരം വെട്ടോറി കുറഞ്ഞത് 100 ദിവസമെങ്കിലും ജോലി ചെയ്തിരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.

വെട്ടോറി മികച്ച രീതിയില്‍ ടീമിനെ സഹായിച്ചിട്ടുണ്ടെങ്കിലും നൂറ് ദിവസം ആകാത്തതിനാല്‍ കരാര്‍ തുക കൊടുക്കാനാകില്ലെന്ന് ബംഗ്ലാദേശ് മീഡിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ ജലാല്‍ യൂനസ് പറഞ്ഞു. എന്നാല്‍ ജോലി ചെയ്ത ദിവസത്തെ അടിസ്ഥാനമാക്കി വെട്ടോറിയുടെ തുക നല്‍കുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

കൊറോണ മൂലം ലോകമാകമാനം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ക്രിക്കറ്റ് തന്നെ മുടങ്ങുകയും ബംഗ്ലാദേശ് ബോര്‍ഡുമായി നൂറ് ദിവസം പ്രവര്‍ത്തിക്കുകയെന്ന മാനദണ്ഡം തടസ്സപ്പെടുകയുമായിരുന്നു വെട്ടോറിയുടെ കാര്യത്തില്‍. കരാര്‍ വ്യവസ്ഥയില്‍ കൃത്യമായി നൂറ് ദിവസത്തെ കാര്യം പരാമര്‍ശിക്കുന്നുണ്ടെന്നതിനാല്‍ തന്നെ മുഴുവന്‍ തുക നല്‍കേണ്ടതില്ലെന്നും എന്നാല്‍ പ്രവര്‍ത്തിച്ച ദിവസങ്ങള്‍ക്ക് അനുസൃതമായ ശമ്പളം ലഭിയ്ക്കുമെന്നും ജലാല്‍ സൂചിപ്പിച്ചു.

ബംഗ്ലാദേശ് ബോര്‍ഡിന്റെ കരാറില്‍ പൊതുവേ എല്ലാവരും പ്രതിമാസ കരാറിലാണെങ്കിലും വെട്ടോറി മാത്രമാണ് ദിവസ വേതനത്തിലുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് എല്ലാ വിദേശ കോച്ചിംഗ് സ്റ്റാഫിന് ബാധകമല്ലെന്നും അവര്‍ക്കെല്ലാം പ്രതിമാസ കരാര്‍ ആണെന്നും യൂനസ് വ്യക്തമാക്കി.