ധാക്ക: പാകിസ്ഥാനെതിരായ ഒന്നാം ടി20യിൽ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്, പാകിസ്ഥാനെ 19.3 ഓവറിൽ 109 റൺസിന് ഓൾ ഔട്ടാക്കി.
പാകിസ്ഥാൻ നിരയിൽ ഫഖർ സമാൻ 34 പന്തിൽ 44 റൺസെടുത്ത് പൊരുതിയെങ്കിലും മറ്റാർക്കും കാര്യമായ പിന്തുണ നൽകാനായില്ല.

ബംഗ്ലാദേശിനായി ടാസ്കിൻ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുസ്താഫിസുർ റഹ്മാൻ നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അനായാസം ലക്ഷ്യം കണ്ടു. ഓപ്പണർ പർവേസ് ഹുസൈൻ എമോൺ 39 പന്തിൽ അഞ്ച് സിക്സറുകളടക്കം പുറത്താകാതെ 56 റൺസ് നേടി ഇന്നിംഗ്സിന് അടിത്തറ പാകി. തൗഹിദ് ഹൃദോയ് 36 റൺസ് കൂട്ടിച്ചേർത്തു. ജാക്കർ അലി 10 പന്തിൽ 15* റൺസെടുത്ത് പുറത്താകാതെ നിന്നതോടെ 15.3 ഓവറിൽ ബംഗ്ലാദേശ് വിജയത്തിലെത്തി.
പാകിസ്ഥാന് വേണ്ടി സൽമാൻ മിർസ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ചെറിയ സ്കോർ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചില്ല. ഈ വിജയത്തോടെ ബംഗ്ലാദേശ് പരമ്പരയിൽ 1-0ന് മുന്നിലെത്തി.