ബംഗ്ലാദേശ് 205 റണ്‍സിന് പുറത്ത്, അഫ്ഗാനിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് തകര്‍ച്ച

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെയുള്ള ചട്ടോഗ്രാം ടെസ്റ്റില്‍ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്സ് 205 റണ്‍സില്‍ അവസാനിച്ചു. 194/8 എന്ന നിലയില്‍ രണ്ടാം ദിവസം കളി അവസാനിപ്പിച്ച ബംഗ്ലാദേശിന് 11 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. തൈജുല്‍ ഇസ്ലാമിനെ(14) നബിയും നയീം ഹസനെ റഷീദ് ഖാനും പുറത്താക്കിയതോടെ ബംഗ്ലാദേശ് ഇന്നിംഗ്സ് 70.5 ഓവറില്‍ അവസാനിച്ചു. 48 റണ്‍സുമായി മൊസ്ദേക്ക് ഹൊസൈന്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു. റഷീദ് ഖാന്‍ അഞ്ചും മുഹമ്മദ് നബി മൂന്നും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ആദ്യ ഓവറില്‍ തന്നെ രണ്ട് അഫ്ഗാനിസ്ഥാന്‍ വിക്കറ്റുകള്‍ വീഴ്ത്തി ഷാക്കിബ് ശക്തമായ തിരിച്ചടിയാണ് ടീമിന് നല്‍കിയത്. അതില്‍ കഴിഞ്ഞ ഇന്നിംഗ്സിലെ ശതകം നേടിയ ഹീറോ റഹ്മത് ഷായുടെ വിക്കറ്റും നേരിട്ട ആദ്യ പന്തില്‍ തന്നെ നഷ്ടമായി. പിന്നീട് ഹസ്മത്തുള്ള ഷഹീദിയെ നയീം പുറത്താക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 28/3 എന്ന നിലയിലേക്ക് വീണു. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിന് ടീമുകള്‍ പിരിയുമ്പോള്‍ 24 റണ്‍സുമായി ഇബ്രാഹിം സദ്രാനും 16 റണ്‍സ് നേടി അസ്ഗര്‍ അഫ്ഗാനുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

26 ഓവറില്‍ നിന്ന് 56/3 എന്ന നിലയിലുള്ള അഫ്ഗാനിസ്ഥാന് മത്സരത്തില്‍ 193 റണ്‍സിന്റെ ലീഡാണ് മത്സരത്തിലുള്ളത്. മുന്നൂറിന് മുകളിലുള്ള ലീഡ് കരസ്ഥമാക്കി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുവാനുള്ള ശ്രമത്തിലാവും അഫ്ഗാനിസ്ഥാനെങ്കിലും ടീമിന് അതിന് സാധിക്കണമെങ്കില്‍ അസ്‍ഗര്‍ അഫ്ഗാന്‍ ഏറെ നേരം ക്രീസില്‍ ചെലവഴിക്കണമെന്നുള്ളതാണ് പ്രധാനം.

300ന് മുകളില്‍ ലീഡ് നേടുവാനായാല്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാരെ അതിജീവിക്കുക ബംഗ്ലാദേശിന് വളരെ കടുപ്പമേറിയ കാര്യമായിരിക്കും.