ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ ബംഗ്ളദേശിന് മറ്റൊരു തിരിച്ചടി. സ്ലോ ഓവർ റേറ്റിന്റെ പേരിൽ ബംഗ്ലാദേശിൽ നിന്ന് പിഴ ഈടാക്കാൻ ഐ.സി.സി തീരുമാനിച്ചു. 50 ഓവർ പൂർത്തിയാക്കാൻ ബംഗ്ളദേശ് നാല് മണിക്കൂറും 7 മിനുട്ടും എടുത്തിരുന്നു. ഇത് പ്രകാരം ടീം നിശ്ചിത സമയത്ത് തീർക്കേണ്ടതിനേക്കാൾ രണ്ട് ഓവർ കുറവ് എറിഞ്ഞതായി കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ ബംഗ്ലാദേശ് 91 റൺസിന് തോൽക്കുകയും ചെയ്തിരുന്നു.
ഇത് പ്രകാരം ഒരു ഓവറിന് താരങ്ങൾക്ക് 10 ശതമാനവും ക്യാപ്റ്റന് 20 ശതമാനം പിഴയുമാണ് ഈടാക്കുക. ഇത് പ്രകാരം ക്യാപ്റ്റൻ ആയിരുന്ന തമിം ഇക്ബാലിന് മാച്ച് ഫീയുടെ 40 ശതമാനവും മറ്റു താരങ്ങൾക്ക് 20 ശതമാനവുമാണ് പിഴ. ക്യാപ്റ്റൻ എന്ന നിലയിൽ തമിം ഇക്ബാലിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും.