പാക്കിസ്ഥാന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയിട്ടും ദേശീയ ടീമില്‍ അധികം അവസരം ലഭിക്കാതിരുന്ന താരമാണ് ഫവദ് അലം. താരം 2009ല്‍ കൊളംബോയില്‍ ശതകം നേടിയെങ്കിലും താരത്തിന്റെ പ്രകടനം പന്നീട് ടീമില്‍ ഇടം ലഭിക്കുവാന്‍ പോന്നതായി സെലക്ടര്‍മാര്‍ക്ക് തോന്നിയില്ല. കൊളംബോയില്‍ 168 റണ്‍സ് നേടിയ ഫവദ് ആകെ കളിച്ചത് രണ്ട് ടെസ്റ്റുകളിലാണ്. അതിന് ശേഷം വേറെ ടെസ്റ്റിലൊന്നും കളിക്കാനവസരം ലഭിച്ചില്ല.
ഇടക്കാലത്ത് ഏകദിനത്തില്‍ അവസരം ലഭിച്ചുവെങ്കിലും മെച്ചപ്പെട്ട പ്രകടനത്തിന് ശേഷവും താരത്തിന് ടീമില്‍ ഇടം ലഭിച്ചില്ല. അടുത്തിടെ അസ്ഹര്‍ അലി ടീംനായകനായി എത്തിയ ശേഷം ഫവദ് അലം തന്റെ പ്രതീക്ഷകള്‍ വീണ്ടും പൊടിത്തട്ടിയെടുക്കുകയായിരുന്നു. കോവിഡിന് കാരണം മാറ്റി വയ്ക്കപ്പെട്ട ബംഗ്ലാദേശ് പരമ്പരയില്‍ അലമിന് സ്ഥാനം ലഭിക്കുമെന്നായിരുന്നു ലഭിച്ച വിവരം.
ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള 30 അംഗങ്ങളില്‍ താരവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഫവദിന് ദേശീയ ടീമില്‍ ഇടം ലഭിയ്ക്കുമ്പോള്‍ താരം മികവ് പുലര്‍ത്തുമെന്നാണ് താന്‍ കരുതുന്നതെന്ന് ടീം ക്യാപ്റ്റന്‍ അസ്ഹര്‍ അലി വ്യക്തമാക്കി. താരം കഠിന പ്രയത്നം നടത്തിയിട്ടുണ്ടെന്നും അതിനുള്ള വിശ്വാസം തനിക്ക് താരത്തിന്മേലുണ്ടെന്നും അസ്ഹര്‍ അലി വ്യക്തമാക്കി.
ഫവദ് അലം ദൃഢനിശ്ചയതയുള്ള താരമാണ്, ഏറെ കാലം ടീമിന് പുറത്തായിട്ട് പോലും കഠിന പ്രയത്നം അവസാനിപ്പിക്കാതെ തന്റെ ശ്രമങ്ങള്‍ തുടര്‍ന്നു. ചെറുപ്പക്കാര്‍ക്ക് മാതൃകയാക്കാവുന്ന താരമാണ് ഫവദ് അലം എന്നും അസ്ഹര്‍ അലി പറഞ്ഞു. താരം ടീമിന്റെ ഭാഗമാണെന്നും അവസരം യഥാസമയത്ത് താരത്തിന് ലഭിയ്ക്കുമെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
തന്റെ സെലക്ഷന്‍ പോളിസി പ്രകാരം ഒരു താരം പൂര്‍ണ്ണമായും ഔട്ട് ഓഫ് ഫോമോ അല്ലെങ്കില്‍ പരിക്ക് അലട്ടുന്നുണ്ടെങ്കിലോ മാത്രമേ താന്‍ ടീമില്‍ നിന്ന് ഒഴിവാക്കുകയുള്ളുവെന്നും പാക്കിസ്ഥാന്‍ ടെസ്റ്റ് നായകനായ അസ്ഹര്‍ അലി വ്യക്തമാക്കി. ഒരേ കോമ്പിനേഷന്‍ തുടരേണ്ടതാണെന്ന നിലപാടാണ് തനിക്ക്. തനിക്ക് ടീമില്‍ അടിക്കടി മാറ്റം വരുത്തുന്നതിനോട് ഇഷ്ടമല്ല. അതേ സമയം ആവശ്യമെങ്കില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തുക തന്നെ ചെയ്യുമെന്നും അസ്ഹര്‍ അലി വ്യക്തമാക്കി.