ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് അസ്ഹര്‍ അലി

Sports Correspondent

ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ച് പാക്കിസ്ഥാന്റെ അസ്ഹര്‍ അലി. 33 വയസ്സുകാരന്‍ താരം ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന പത്ര സമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. വളരെ ആലോചിച്ചെടുത്ത തീരുമാനമാിതെന്നാണ് അസ്ഹറിന്റെ അഭിപ്രായം. തന്റെ എല്ലാ ശക്തിയും ഒരു ഫോര്‍മാറ്റിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനായി വിനിയോഗിക്കുവാന്‍ വേണ്ടിയാണ് ഇതെന്നും താരം അഭിപ്രായപ്പെട്ടു.

2011ല്‍ അയര്‍ലണ്ടിനെതിരെ അരങ്ങേറ്റം നടത്തിയ അസ്ഹര്‍ അലി ഏകദിനത്തില്‍ അവസാനം കളിച്ചത് ഈ വര്‍ഷമാദ്യം ന്യൂസിലാണ്ടിനെതിരെയാണ്. 53 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്ന് 1845 റണ്‍സാണ് താരം നേടിയത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനമാണ് കരിയറിലെ തന്നെ മികച്ച കാലഘട്ടമായി വിലയിരുത്താവുന്നത്.

ആ ടൂര്‍ണ്ണമെന്റില്‍ മൂന്ന് അര്‍ദ്ധ ശതകങ്ങള്‍ നേടിയതില്‍ രണ്ടെണ്ണ ഇന്ത്യയ്ക്കെതിരെയായിരുന്നു. ഒന്ന് പിറന്നത് ഫൈനലിലും. 228 റണ്‍സ് നേടിയ താരം ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിനെതിരെയും അര്‍ദ്ധ ശതകം നേടിയിരുന്നു.