ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 9 വരെ ചെന്നൈയിൽ നടക്കുന്ന ബൂച്ചി ബാബു ക്ഷണിക ടൂർണമെന്റിൽ മുംബൈ ടീമിനെ നയിക്കാൻ യുവതാരം ആയുഷ് മാത്രേയെ നായകനായി തിരഞ്ഞെടുത്തു. 17 അംഗ സ്ക്വാഡിനെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചത്.

പരിചയസമ്പന്നനായ ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാൻ, വൈസ് ക്യാപ്റ്റൻ സുവേദ് പാർക്കർ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മുംബൈക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 17-കാരനായ മാത്രേ, ചെന്നൈ സൂപ്പർ കിംഗ്സിനായി ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ടിലേക്കുള്ള പര്യടനത്തിൽ ഇന്ത്യ അണ്ടർ-19 ടീമിനെ നയിക്കുകയും ചെയ്തിരുന്നു.
സെപ്റ്റംബർ 21-ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിലും ഇന്ത്യൻ ടീമിനെ നയിക്കുന്നത് മാത്രേയാണ്.
കഴിഞ്ഞദിവസം നടന്ന കാംഗ ലീഗ് ബി ഡിവിഷനിൽ സൈനാഥ് സ്പോർട്സ് ക്ലബിന് വേണ്ടി 48 പന്തിൽ നിന്ന് 82 റൺസ് നേടി മാത്രേ മികച്ച ഫോമിലാണെന്ന് തെളിയിച്ചു. കാറപകടത്തെ തുടർന്ന് 2024-25 സീസൺ നഷ്ടമായ മുഷീർ ഖാൻ ടീമിൽ തിരിച്ചെത്തി.
വിക്കറ്റ് കീപ്പർമാരായ ആകാശ് ആനന്ദ്, ഹാർദിക് തമോർ, ഓൾറൗണ്ടർ സായിരാജ് പാട്ടീൽ, പരിചയസമ്പന്നരായ റോയ്സ്റ്റൺ ഡയസ്, സിൽവസ്റ്റർ ഡിസൂസ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.