ഓസ്ട്രേലിയന്‍ ഒഫീഷ്യലുകളും താരങ്ങളും വേതനം കുറയ്ക്കേണ്ടി വരുമെന്ന് സൂചന നല്‍കി ബോര്‍ഡ്

Sports Correspondent

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ കായിക ഇനങ്ങള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ വേതനത്തില്‍ താരങ്ങള്‍ വിട്ട് വീഴ്ച ചെയ്യുന്നൊരു സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഈ വ്യാധി മാറി കളി പുനരാരംഭിക്കുവാന്‍ ഇനിയും കാലതാമസം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ കളിക്കാര്‍ക്ക് വേതനം പഴയ നിലയില്‍ തന്നെ നല്‍കുവാനാകുന്ന സ്ഥിതിയിലല്ല ക്ലബ്ബുകളും ബോര്‍ഡുകളും.

ഇപ്പോള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ എക്സിക്യൂട്ടീവുകളുടെ വേതനം കുറച്ചുവെന്ന് അറിയിച്ചിട്ടുണ്ട്. ബോര്‍ഡില്‍ പുതിയ നിയമനങ്ങളെല്ലാം നിര്‍ത്തി വെച്ചിരിക്കുന്ന സാഹചര്യമാണിപ്പോളുള്ളത്. ഉടന്‍ തന്നെ ഈ നിയന്ത്രണങ്ങള്‍ താരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കളിക്കാരും തങ്ങളുടെ വേതനത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകേണ്ടി വരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.