ഡിക്ലയർ ചെയ്ത് ഓസ്ട്രേലിയ, വിക്കറ്റ് നഷ്ടപ്പെടാതെ ദിവസം അവസാനിപ്പിച്ച് ഇംഗ്ലണ്ട്

ഓസ്‌ട്രേലിയക്കെതിരായ നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 13 റൺസ് എന്ന നിലയിൽ. 2 റൺസുമായി സാക് ക്രൗളിയും 2 റൺസുമായി ഹസീബ് ഹമീദുമാണ് ക്രീസിൽ ഉള്ളത്. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേരത്തെ 8 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

സെഞ്ച്വറി പ്രകടനം നടത്തിയ ഉസ്മാൻ ഖവാജയുടെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയൻ സ്കോർ 400 കടന്നത്. 137 റൺസ് എടുത്ത ഖവാജ ബ്രോഡിന് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. കൂടാതെ 67 റൺസ് എടുത്ത സ്റ്റീവ് സ്മിത്തിന്റെ പ്രകടനവും ഓസ്‌ട്രേലിയൻ സ്കോർ ഉയർത്താൻ സഹായിച്ചു.

വാലറ്റത്ത് പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നാതൻ ലിയോൺ എന്നിവരുടെ ബാറ്റിങ്ങും ഓസ്‌ട്രേലിയക്ക് തുണയായി. മിച്ചൽ സ്റ്റാർക്ക് 34 റൺസ് എടുത്തും ലിയോൺ 16 റൺസും എടുത്ത് പുറത്താവാതെ നിന്നു. കമ്മിൻസ് 24 റൺസ് എടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് 5 വിക്കറ്റ് വീഴ്ത്തി.

Comments are closed.