കൈവിട്ട കളി ജസ്പ്രീത് ബുംറയിലൂടെ തിരിച്ചു പിടിച്ച് ഇന്ത്യ വിജയത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ആ പ്രതീക്ഷകളെല്ലാം തകര്‍ത്ത് അവസാന ഓവറില്‍ 14 റണ്‍സ് വഴങ്ങി ഉമേഷ് യാദവ് ഇന്ത്യയുടെ വില്ലനായി. 19ാം ഓവറില്‍ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനെയും നഥാന്‍ കോള്‍ട്ടര്‍-നൈലിനെയും പുറത്താക്കി രണ്ട് റണ്‍സ് മാത്രം വിട്ടു നല്‍കി ജസ്പ്രീത് മത്സരം ഇന്ത്യയുടെ പക്ഷത്തേക്ക് മാറ്റുകയായിരുന്നു. വെറും 126 റണ്‍സ് ഇന്ത്യ നേടിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്‍ വെടിക്കെട്ടിലൂടെ മത്സരം ഓസ്ട്രേലിയ തട്ടിയെടുക്കുമെന്ന് കരുതിയെങ്കിലും ബുംറയുടെ ഓവര്‍ വീണ്ടും മത്സരം ഇന്ത്യന്‍ പക്ഷത്തേക്ക് മാറ്റുകയായിരുന്നു.
അവസാന ഓവറില്‍ 14 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി ജൈ റിച്ചാര്‍ഡ്സണും പാറ്റ് കമ്മിന്‍സുമാണ് വിജയ ശില്പികളായി മാറിയത്. ഇരുവരും മൂന്ന് പന്തില്‍ നിന്ന് ഏഴ് റണ്‍സ് നേടിയാണ് വിജയം ഉറപ്പാക്കിയത്.. ഇന്ത്യ 126 റണ്‍സ് മാത്രം നേടിയപ്പോള്‍ ഓസ്ട്രേലിയ ലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ നേടുകയായിരുന്നു ഓസ്ട്രേലിയ. തുടക്കം പാളിയെങ്കിലും ഇന്ത്യയെ പോലെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടാതെ ഓസീസ് ബാറ്റ്സ്മാന്മാര്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചപ്പോള്‍ പരമ്പരയില്‍ മുന്നിലെത്തുവാന്‍ ഓസ്ട്രേലിയയ്ക്കായി.
5/2 എന്ന നിലയിലേക്ക് മൂന്നാം ഓവറിനുള്ളില്‍ വീണുവെങ്കിലും ഡാര്‍സി ഷോര്‍ട്ടും ഗ്ലെന്‍ മാക്സ്വെല്ലും ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഗ്ലെന്‍ മാക്സ്വെല്‍ മടങ്ങുമ്പോള്‍ 43 പന്തില്‍ നിന്ന് 56 റണ്‍സാണ് താരം നേടിയത്. ഡാര്‍സി ഷോര്‍ട്ട് 37 റണ്‍സ് നേടി പുറത്താകുമ്പോള്‍ 28 പന്തില്‍ നിന്ന് ഓസ്ട്രേലിയയ്ക്ക് ജയിക്കുവാന്‍ 26 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. ചഹാലിനാണ് മാക്സ്വെല്ലിന്റെ വിക്കറ്റ്.
അടുത്ത ഓവറില്‍ ക്രുണാല്‍ പാണ്ഡ്യ ആഷ്ടണ്‍ ടര്‍ണറെ പുറത്താക്കി ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യം തീരെ ചെറുതായതിനാല്‍ ഓസ്ട്രേലിയയെ അധികം ബുദ്ധിമുട്ടില്ലാതെ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് മുന്നോട്ട് നയിക്കുമെന്ന് കരുതിയെങ്കിലും 19ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തി ഹാന്‍ഡ്സ്കോമ്പിനെ(13) പുറത്താക്കി. തൊട്ടടുത്ത പന്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിനെയും ബുംറ പുറത്താക്കിയതോടെ ഇന്ത്യ വിജയം ആഘോഷിച്ച് തുടങ്ങിയിരുന്നു.
അവസാന ഓവറില്‍ വിജയിക്കുവാന്‍ 3 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഓസീസ് നേടേണ്ടിയിരുന്നത് 14 റണ്‍സായിരുന്നു. എന്നാല്‍ ഉമേഷ് യാദവ് എറിഞ്ഞ ഓവറില്‍ ഇന്ത്യ മത്സരം കൈവിടുന്ന കാഴ്ചയാണ് ഏവരും കാണേണ്ടി വന്നത്. ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുമായി ജസ്പ്രീത് ബുംറയാണ് താരമായി മാറിയത്.