മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആവേശകരമായി ആരംഭിച്ച നാലാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഇരുടീമുകളുടെയും ഒന്നാം ഇന്നിംഗ്‌സുകൾ അവസാനിച്ചു. ബോക്സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യദിനം തന്നെ 20 വിക്കറ്റുകൾ വീണതോടെ മത്സരം അപ്രതീക്ഷിത വേഗത്തിലാണ് മുന്നേറുന്നത്.

ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പേസർ ജോഷ് ടംഗ് നടത്തിയത്. 11.2 ഓവറിൽ 45 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടംഗിന്റെ കരുത്തിൽ ഇംഗ്ലണ്ട് ആതിഥേയരായ ഓസ്‌ട്രേലിയയെ വെറും 152 റൺസിന് പുറത്താക്കി. സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരുടെ നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ ടംഗ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.
ഓസ്‌ട്രേലിയൻ നിരയിൽ 35 റൺസെടുത്ത മൈക്കൽ നെസറും 29 റൺസെടുത്ത ഉസ്മാൻ ഖവാജയും മാത്രമാണ് അല്പമെങ്കിലും പൊരുതി നോക്കിയത്.
എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആ ആധിപത്യം നിലനിർത്താനായില്ല. ഓസ്‌ട്രേലിയൻ ബൗളർമാരുടെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര 110 റൺസിന് കൂടാരമണഞ്ഞു. ഇതോടെ ഒന്നാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ 42 റൺസിന്റെ ലീഡ് സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 41 റൺസെടുത്ത ഹാരി ബ്രൂക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ജോ റൂട്ടും പരാജയപ്പെട്ടത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. ഓസ്‌ട്രേലിയയ്ക്കായി മൈക്കൽ നെസർ നാല് വിക്കറ്റും സ്കോട്ട് ബോളണ്ട് മൂന്ന് വിക്കറ്റും വീഴ്ത്തി. മിച്ചൽ സ്റ്റാർക്കിന്റെ ഇരട്ട പ്രഹരവും ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി.
ഇന്ന് ഇനി ഓസ്ട്രേലിയ വീണ്ടും ബാറ്റിങിന് ഇറങ്ങും.









