വാല്‍ഷിനും സ്റ്റാര്‍ക്കിനും അഞ്ച് വിക്കറ്റ്, ഏകദിന പരമ്പര ജയിച്ച് തുടങ്ങി ഓസ്ട്രേലിയ

Sports Correspondent

ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സ്വന്തമാക്കിയതെങ്കിലും ഏകദിന പരമ്പരയിൽ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ക്യാപ്റ്റന്‍ അലെക്സ് കാറെയുടെ(67) തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം ആഷ്ടൺ ടര്‍ണര്‍(49), ജോഷ് ഫിലിപ്പ്(39), ബെന്‍ മക്ഡര്‍മട്ട്(28), മിച്ചൽ മാര്‍ഷ്(20) എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയിൽ റൺസ് കണ്ടെത്തിയത്.

Alexcarey

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടി വിന്‍ഡീസ് നിര തിരിച്ചടിച്ചപ്പോള്‍ 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് മാത്രമാണ് നേടിയത്. വാൽഷ് 5 വിക്കറ്റും അകീൽ ഹൊസൈന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. ഇതിൽ വാൽഷ് 39 റൺസ് മാത്രമാണ് തന്റെ പത്തോവര്‍ സ്പെല്ലിൽ വിട്ട് നല്‍കിയത്.

Haydenwalsh

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 26.2 ഓവറിൽ 123 റൺസ് മാത്രമാണ് നേടാനായത്. മിച്ചൽ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റുകളുമായി മികച്ച സ്പെല്‍ പുറത്തെടുത്തപ്പോള്‍ വിന്‍ഡീസ് നിരയിൽ 56 റൺസ് നേടിയ ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ് മാത്രമാണ് പൊരുതി നിന്നത്. 133 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്ട്രേലിയ നേടിയത്.

27/6 എന്ന നിലയിലേക്ക് വീണ ശേഷം കീറൺ പൊള്ളാര്‍ഡാണ് ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്. താരം പുറത്തായതോടെ നൂറ് കടക്കാതെ ടീം ഓള്‍ഔട്ട് ആകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഹെയ്ഡന്‍ വാൽഷ് നേടിയ 20 റൺസാണ് വിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.