മോശം ഷോട്ട് സെലക്ഷന്‍!!! കോഹ്‍ലിയ്ക്കെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

Sports Correspondent

പാക്കിസ്ഥാനെതിരെയുള്ള വിരാട് കോഹ്‍ലിയുടെ മോശം ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനവുമായി ഗൗതം ഗംഭീര്‍. ഷഹീന്‍ അഫ്രീദിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ താരം ഏഴ് പന്തിൽ നിന്ന് 4 റൺസാണ് നേടിയത്. താരം ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്തിനെ കളിക്കുവാന്‍ ശ്രമിച്ച് പ്ലേയ്ഡ് ഓൺ ആയി ആണ് പുറത്തായത്.

താരം പുറത്തായതിന് കാരണം മോശം ഷോട്ട് സെലക്ഷനാണെന്നും ഒരു ചിന്തയും ഇല്ലാതെ കളിച്ച ഷോട്ടാണ് അതെന്ന് ഗൗതം ഗംഭീര്‍ വിമര്‍ശിച്ചു. കോഹ്‍ലി മുന്നോട്ടോ പിന്നോട്ടോ പോകാതെ കാഷ്വൽ ആയി കളിച്ച ഷോട്ടാണെന്നും ഷഹീന്‍ അഫ്രീദിയെ പോലെ ഒരാളെ ലാഘവത്തോടെ കളിച്ചാൽ ലഭിയ്ക്കുന്ന ഫലമാണ് കോഹ‍്‍ലിയ്ക്ക് ലഭിച്ചതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

മത്സരത്തിൽ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്ന ശേഷം ഇഷാന്‍ കിഷന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ കൂട്ടുകെട്ട് ഇന്ത്യയെ 266 റൺസിലേക്ക് എത്തുവാന്‍ സഹായിച്ചുവെങ്കിലും മഴ കാരണം മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.