ത്രില്ലറില്‍ ജയം സ്വന്തമാക്കി ഇന്ത്യ, U19 ഏഷ്യ കപ്പ് ഫൈനലില്‍

ബാറ്റിംഗ് നിര കൈവിട്ടുവെങ്കിലും ബൗളര്‍മാരുടെ മികവില്‍ 2 റണ്‍സ് വിജയം നേടി ഇന്ത്യ. ജയത്തോടെ ഇന്ത്യ U19 ഏഷ്യ കപ്പ് ഫൈനലിലേക്ക് കടന്നു. ഒരു ഘട്ടത്തില്‍ 173 റണ്‍സ് എന്ന ചെറിയ സ്കോര്‍ തേടിയിറങ്ങിയ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെങ്കിലും ആറാം വിക്കറ്റിലൂടെ ബംഗ്ലാദേശ് പൊരുതിക്കയറുകയായിരുന്നു. എന്നാല്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ ബംഗ്ലാദേശിനു സാധിക്കാതെ വന്നപ്പോള്‍ ടീം 46.2 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആയി.

65/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ആറാം വിക്കറ്റില്‍ അക്ബര്‍ അലി-ഷമീം ഹൊസൈന്‍ കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ 74 റണ്‍സ് നേടി മുന്നേറുകയായിരുന്ന കൂട്ടുകെട്ടിനെ തകര്‍ത്ത് ഹര്‍ഷ് ത്യാഗി ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ വെച്ചു. 45 റണ്‍സ് നേടിയ അക്ബര്‍ അലി പുറത്തായ ശേഷം ഷമീം ഹൊസൈനു കൂട്ടായി എത്തിയ മൃത്യുഞ്ജയ് ജോയിയെയും ഹര്‍ഷ് ത്യാഗി പുറത്താക്കി.

വിജയം 13 റണ്‍സ് അകലെയെത്തിയപ്പോള്‍ 59 റണ്‍സ് നേടിയ ഷമീം ഹൊസൈനും പുറത്തായതോടെ ബംഗ്ലാദേശ് ക്യാമ്പും സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അവസാന വിക്കറ്റ് കൂട്ടുകെട്ട് നേടിയ 9 റണ്‍സ് നേടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും മിന്‍ഹാസുര്‍ റഹ്മാന്‍(6) റണ്ണൗട്ട് രൂപത്തില്‍ പുറത്തായതോടെ ഇന്ത്യ ജയം സ്വന്തമാക്കി.

ഇന്ത്യയ്ക്കായി മോഹിത് ജാംഗ്ര, സിദ്ധാര്‍ത്ഥ് ദേശായി എന്നിവര്‍ മൂന്നും ഹര്‍ഷ് ത്യാഗി നിര്‍ണ്ണായകമായ രണ്ട് വിക്കറ്റും നേടി. അക്ബര്‍ അലിയുടെ വിക്കറ്റ് ഇതില്‍ ഉള്‍പ്പെടുന്നു. ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ ആയി ഷമീം ഹൊസൈനെ പുറത്താക്കി അജയ് ഗംഗാപുരം ആണ് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരികെ എത്തിക്കുന്നത്.

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ഇനി എല്ലാം ബൗളര്‍മാരുടെ കൈയ്യില്‍

U19 ഏഷ്യ കപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാം ഓവറില്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച ആതിഥേയരായ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണുണ്ടായത്. ഒരു ഘട്ടത്തില്‍ 77/5 എന്ന നിലയിലേക്ക് വീണ ഇന്ത്യ തങ്ങളുടെ ഇന്നിംഗ്സ് 172 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ 59 റണ്‍സ് നേടിയ  ബഡോണി-സമീര്‍ ചൗധരി കൂട്ടുകെട്ടാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 49.3 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു.

ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് നേടിയ മൃത്യുഞ്ജയ് ചൗധരി, റിഷാദ് ഹൊസൈന്‍, തൗഹിദ് ഹൃദയ് എന്നിവര്‍ക്കൊപ്പം ഷോരിഫുള്‍ ഇസ്ലാമും മൂന്ന് വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഫൈനലില്‍ പ്രവേശിക്കുവാന്‍ ബംഗ്ലാദേശിനു 173 റണ്‍സാണ് നേടേണ്ടത്. നേപ്പാളിനും യുഎഇയ്ക്കുമെതിരെ കൂറ്റന്‍ സ്കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റിംഗ് ടൂര്‍ണ്ണമെന്റില്‍ അഫ്ഗാനിസ്ഥാനെതിരെ പരാജയപ്പെട്ടിരുന്നുവെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

ഏഷ്യ കപ്പ് ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്യും

U19 ഏഷ്യ കപ്പ് ഫൈനല്‍ പ്രവേശനത്തിനായി ഇന്ത്യ ബംഗ്ലാദേശിനെതിരെ. സെമി മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ ടോസ് നേടിയ ശേഷം ഇന്ത്യന്‍ നായകന്‍ പവന്‍ ഷാ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കടക്കുന്നത്. അതേ സമയം പാക്കിസ്ഥാനെതിരെ നേടിയ വിജയമാണ് ബംഗ്ലാദേശിനു സെമി സ്ഥാനം നേടിക്കൊടുത്തത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും ബൗളര്‍മാരും ഒരേ പോലെ ഫോമിലുള്ള ടൂര്‍ണ്ണമെന്റാണെങ്കില്‍ ആതിഥേയരെ വിലകുറച്ച് കാണാന്‍ പാടില്ല.

ബംഗ്ലാദേശിലെ ധാക്കയിലെ ഷേരെ ബംഗ്ലള നാഷണല്‍ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കുന്നത്.

U19 ഏഷ്യ കപ്പ് സെമി ഫൈനല്‍ ലൈനപ്പ്, ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്

ഏഷ്യ കപ്പ് U19 ന്റെ സെമി ഫൈനല്‍ ലൈനപ്പ് തയ്യാര്‍. ഗ്രൂപ്പ് എയില്‍ എല്ലാ മത്സരങ്ങളും ജയിച്ച് ഇന്ത്യയും ഗ്രൂപ്പ് ബിയില്‍ 6 പോയിന്റും സ്വന്തമാക്കി ശ്രീലങ്കയുമാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ സെമിയിലേക്ക് കടന്നിട്ടുള്ളത്. ഗ്രൂപ്പ് എ യില്‍ അഫ്ഗാനിസ്ഥാനാണ് രണ്ടാം സ്ഥാനക്കാര്‍. അതേ സമയം പാക്കിസ്ഥാനെ മറികടന്ന് ബംഗ്ലാദേശ് ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയില്‍ കടന്നു.

അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ജയം അനിവാര്യമായിരുന്ന പാക്കിസ്ഥാനു അത് നേടാന്‍ സാധിക്കാതെ വന്നപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകല്‍ നേരിടേണ്ടി വന്നു. പാക്കിസ്ഥാന്‍ വിജയം നേടിയിരുന്നുവെങ്കില്‍ ബംഗ്ലാദേശിനൊപ്പം പോയിന്റ് നിലയില്‍ സമനില കൈവരിക്കുമെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ടീം സെമിയില്‍ കടന്നേനെ

സെമിയില്‍ ഇന്ത്യ ബംഗ്ലാദേശിനെയും ശ്രീലങ്ക അഫ്ഗാനിസ്ഥാനെയും നേരിടും.ഒക്ടോബര്‍ നാലിനു ആദ്യ സെമിയില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുമ്പോള്‍ ഒക്ടോബര്‍ അഞ്ചിനാണ് രണ്ടാം സെമി. ഫൈനല്‍ ഞായറാഴ്ച നടക്കും. ഇനിയുള്ള മത്സരങ്ങളെല്ലാം ധാക്കയിലെ ഷേരെ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തിലാണ് അരങ്ങേറുക.

ശ്രീലങ്കയോട് പരാജയപ്പെട്ട് പാക്കിസ്ഥാന്‍ U19 ഏഷ്യ കപ്പില്‍ നിന്ന് പുറത്ത്

പാക്കിസ്ഥാനെതിരെ 23 റണ്‍സിന്റെ ജയം സ്വന്തമാക്കി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി ശ്രീലങ്ക. തോല്‍വിയോട് ഏഷ്യ കപ്പ് സെമിയില്‍ കടക്കാതെ പാക്കിസ്ഥാന്‍ പുറത്തായി. മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ശ്രീലങ്കയെ ബാറ്റിംഗിനയയ്ക്കകുയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 200 റണ്‍സിനു പുറത്താക്കുവാന്‍ പാക്കിസ്ഥാനായെങ്കിലും ടീം ഇന്നിംഗ്സ് 177 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം 23 റണ്‍സിനു ശ്രീലങ്ക സ്വന്തമാക്കി.

ശ്രീലങ്കയ്ക്കായി 51 റണ്‍സ് നേടി കലന പെരേരയാണ് ടോപ് സ്കോറര്‍. നിപുന്‍ ധനന്‍ജയ(33), നിപുന്‍ മലിംഗ(23), നവോദ് പരണവിതാന എന്നിവരും നിര്‍ണ്ണായകമായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും 49.4 ഓവറില്‍ ടീം 200 റണ്‍സിനു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാനായി ശ്രീലങ്കന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത് 6 വിക്കറ്റ് നേടിയ അര്‍ഷാദ് ഇക്ബാല്‍ ആണ്.

42 റണ്‍സുമായി അവൈസ് സഫര്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. അര്‍ഷദ് ഇക്ബാല്‍ പുറത്താകാതെ 26 റണ്‍സ് നേടിയെങ്കിലും പല താരങ്ങള്‍ക്കും വേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയത് പാക്കിസ്ഥാനു തിരിച്ചടിയായി. ശ്രീലങ്കയ്ക്കായി നവോദ് പരണവിതാന, കല്‍ഹാര സേനാരത്നേ, ദുലിത് വെല്ലാലാഗേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഇന്ത്യയെ എറിഞ്ഞിട്ടുവെങ്കിലും വിജയം നേടാനാകാതെ അഫ്ഗാനിസ്ഥാന്‍

U19 ഏഷ്യ കപ്പില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 221 റണ്‍സിനു എറിഞ്ഞിട്ടുവെങ്കിലും ലക്ഷ്യം മറികടക്കുന്നതില്‍ പിഴച്ച് അഫ്ഗാനിസ്ഥാന്‍. 51 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. 92 റണ്‍സ് നേടിയ യശസ്വി ജൈസ്വാലും 65 റണ്‍സുമായി ആയുഷ് ബഡോനിയും മാത്രം തിളങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര 221 റണ്‍സിനു 45.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി മൂന്ന് വീതം വിക്കറ്റുമായി അസ്മത്തുള്ളയും കൈസ് അഹമ്മദും തിളങ്ങിയപ്പോള്‍ ആബിദ് മുഹമ്മദി രണ്ടും അബ്ദുള്‍ റഹ്മാന്‍, റിയാസ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ചെറു സ്കോര്‍ പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാനു ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടി മുന്നേറുകയായിരുന്നു കൂട്ടുകെട്ടില്‍ റഹ്മത്തുള്ളയെ(37) പുറത്താക്കി സിദ്ധാര്‍ത്ഥ് ദേശായി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടി കൊടുത്തു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഇജാസ് അഹമ്മദിനെയും ദേശായി തന്നെ പുറത്താക്കി.

തുടര്‍ന്ന് ഹര്‍ഷ് ത്യാഗി ആബിദ് മുഹമ്മദിയെയും റിയാസ് ഹുസ്സനെയു(47) പുറത്താക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. 30 ഓവറുകള്‍ പിന്നിടുമ്പോള്‍ 105/5 എന്ന നിലയിലായിരുന്ന ടീം ടീം 45.4 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി നാലും ഹര്‍ഷ് ത്യാഗ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സമീര്‍ ചൗധരി രണ്ട് വിക്കറ്റ് നേടി.

പാക്കിസ്ഥാനെ വീഴ്ത്തി ബംഗ്ലാദേശ്, 3 വിക്കറ്റ് ജയം

ഏഷ്യ കപ്പ് U19 ക്രിക്കറ്റില്‍ പാക്കിസ്ഥാനെ വീഴ്ത്തി ബംഗ്ലാദേശ്. 187 റണ്‍സിനു പാക്കിസ്ഥാനെ ചെറുത്ത് നിര്‍ത്തിയ ശേഷം 47.2 ഓവറില്‍ നിന്നാണ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ ബംഗ്ലാദേശ് ഈ വിജയം സ്വന്തമാക്കിയത്. 65 റണ്‍സ് നേടി റിട്ടയര്‍ഡ് ഹര്‍ട്ടായ ഷമീം ഹൊസൈന്‍, 58 റണ്‍സ് നേടി പുറത്തായ പ്രാന്തിക് നവ്രോസ് നബില്‍ എന്നിവരുടെ പ്രകടനത്തിനൊപ്പം അക്ബര്‍ അലി(17*), സാജിദ് ഹൊസൈന്‍(21) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയത്തിനു കളമൊരുക്കിയത്. പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് മൂസ 3 വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ വഖാര്‍ അഹമ്മദ്(67), സയിം അയൂബ്(49) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 187 റണ്‍സ് നേടിയത്. മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നപ്പോള്‍ പാക്കിസ്ഥാന്‍ നിര 45.2 ഓവറില്‍ ഓള്‍ഔട്ട് ആയി. രോഹൈല്‍ നസീര്‍(23), മുഹമ്മദ് ജൂനൈദ്(24) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

മൂന്ന് വിക്കറ്റ് നേടയി റിഷാദ് ഹൊസൈനൊപ്പം ഷോരിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റുമായി ഒപ്പം കൂടിയപ്പോള്‍ മൃത്യുഞ്ജയ് ചൗധരി, അവിശേക് ദാസ്, റാകിബുള്‍ ഹസന്‍ എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ബംഗ്ലാദേശിനായി ഇടം പിടിച്ച മറ്റു താരങ്ങള്‍.

നേപ്പാളിനെതിരെ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

നേപ്പാളിനെ 131 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം 37.3 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അനായാസം ലക്ഷ്യം നേടുമെന്ന് അഫ്ഗാനിസ്ഥാന്‍ കരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ എറിഞ്ഞു പിടിക്കേണ്ട ലക്ഷ്യം തീരെ ചെറുതായത് നേപ്പാളിനു തിരിച്ചടിയായി.

ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 38.3 ഓവറില്‍ 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രോഹിത് പൗദേല്‍ 46 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തില്‍ റഷീദ് ഖാന്‍ ടീമിന്റെ രക്ഷയ്ക്കായി 30 റണ്‍സ് സ്കോര്‍ ചെയ്തു. അസ്മത്തുള്ള നാലും കൈസ് അഹമ്മദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് അഫ്ഗാനിസ്ഥാനു വേണ്ടി നേടിയത്.

അഫ്ഗാന്‍ നിരയില്‍ ആരും തന്നെ 30നു മുകളില്‍ സ്കോര്‍ നേടിയില്ലെങ്കിലും ബാറ്റ്സ്മാന്മാരെല്ലാം റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീമിനു 3 വിക്കറ്റ് ജയം ഉറപ്പാക്കുവാനായി. 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റഹ്മാനുള്ളയും 23 റണ്‍സ് വീതം നേടിയ അസ്മത്തുള്ളയും ആരിഫ് ഖാനുമാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ആരിഫ് ഖാന്‍ പുറത്താകാതെ നിന്നു.

നേപ്പാളിനായി സൂര്യ തമാംഗ് നാല് വിക്കറ്റ് നേടി. റഷീദ് ഖാന്‍, പവന്‍ സരഫ്, സാഗര്‍ ദാക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 23 റണ്‍സും നാല് വിക്കറ്റും നേടി അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ളയാണ് കളിയിലെ താരം.

മാച്ച് റഫറിയായി അരങ്ങേറ്റം കുറിച്ച് മുന്‍ അഫ്ഗാന്‍ താരം

ബംഗ്ലാദേശില്‍ നടക്കുന്ന U19 ഏഷ്യ കപ്പില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു ചരിത്ര നിമിഷം. മുന്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഹമീം തല്‍വാര്‍ ടൂര്‍ണ്ണമെന്റിലെ മാച്ച് റഫറിയായി അരങ്ങേറ്റം കുറിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് ഹമീം. ശനിയാഴ്ച നടന്ന പാക്കിസ്ഥാന്‍ ഹോങ്കോംഗ് മത്സരത്തിലാണ് ഹമീം മാച്ച് റഫറിയുടെ ദൗത്യം ഏറ്റെടുത്തത്.

മത്സരം പാക്കിസ്ഥാന്‍ 9 വിക്കറ്റിനു ജയിച്ചു.

ആറ് വിക്കറ്റ് നേടി സിദ്ധാര്‍ത്ഥ് ദേശായി, ജയം 227 റണ്‍സിന്, യുഎഇയെയും തകര്‍ത്ത് ഇന്ത്യന്‍ യുവ നിര

അണ്ടര്‍ 19 ഏഷ്യ കപ്പില്‍ വിജയം തുടര്‍ന്ന് ഇന്ത്യ. യുഎഇയ്ക്കെതിരെ 227 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. ദേവദത്ത് പടിക്കല്‍(121), അനുജ് റാവത്ത്(102) എന്നിവരുടെയും മറ്റു താരങ്ങളുടെയും പിന്തുണയോടെ 354/6 എന്ന സ്കോര്‍ നേടിയ ഇന്ത്യ 127 റണ്‍സിനു യുഎഇയെ പുറത്താക്കുകയായിരുന്നു. 33.5 ഓവറില‍ാണ് യുഎഇ ഓള്‍ഔട്ട് ആയത്.

അലി മിര്‍സ യുഎഇയുടെ ടോപ് സ്കോററായി. 41 റണ്‍സാണ് മിര്‍സ സ്വന്തമാക്കിയത്. 6 വിക്കറ്റ് നേടിയ സിദ്ധാര്‍ത്ഥ് ദേശായി ആണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ദേവദത്തിനെയാണ്.

വീണ്ടും തിളങ്ങി ഇന്ത്യന്‍ ഓപ്പണര്‍മാര്‍, യുഎഇയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍

U19 ഏഷ്യ കപ്പില്‍ യുഎഇയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കൂറ്റന്‍ സ്കോര്‍ നേടി ടീം. ഓപ്പണര്‍മാരായ അനുജ് റാവത്ത്(102), ദേവദത്ത് പടിക്കല്‍(121) എന്നിവരുടെ പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ പവന്‍ ഷാ(45), സമീര്‍ ചൗധരി(42) എന്നിവരും മികച്ച സ്കോറുകള്‍ കണ്ടെത്തിയപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സാണ് ടീം നേടിയത്.

19 പന്തില്‍ നിന്ന് 4 സിക്സ് സഹിതം 42 റണ്‍സ് നേടിയ സമീര്‍ ചൗധരി ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാരായ അനുജ് റാവത്ത്-ദേവദത്ത് പടിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 205 റണ്‍സാണ് നേടിയത്. യുഎഇയ്ക്ക് വേണ്ടി അലിഷാന്‍ ഷറഫു, ആരോണ്‍ ബെഞ്ചമിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും പളനിയപ്പന്ന മെയ്യപ്പന്‍, റോണക് പനോളി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂറ്റന്‍ വിജയവുമായി ഇന്ത്യ, ഒപ്പം കൂടി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും

സീനിയര്‍ ടീം ഏഷ്യ കപ്പ് ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ട തൊട്ടടുത്ത ദിവസം ഏഷ്യ കപ്പില്‍ കൂറ്റന്‍ വിജയത്തോടെ ഇന്ത്യയുടെ യുവ നിര. നേപ്പാളിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ 172 റണ്‍സിന്റെ വിജയമാണ് ഉദ്ഘാടന ദിവസത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്. 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇന്ത്യ 304 റണ്‍സ് നേടിയപ്പോള്‍ നേപ്പാള്‍ 133 റണ്‍സിനു 36.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാല്‍ 104 റണ്‍സും പ്രഭ്സിമ്രാന്‍ സിംഗ് 82 റണ്‍സും നേടി തിളങ്ങി. നേപ്പാളിന്റെ ഭീം ഷാര്‍ക്കി നാല് വിക്കറ്റ് നേടി. ബൗളിംഗില്‍ ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി, ഹര്‍ഷ് ത്യാഗി എന്നിവര്‍ മൂന്നും മോഹിത് ജംഗ്ര രണ്ടും വിക്കറ്റ് നേടി.

മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക 6 വിക്കറ്റിനു ബംഗ്ലാദേശിനെയും പാക്കിസ്ഥാന്‍ ഹോങ്കോംഗിനെതിരെ 9 വിക്കറ്റ് ജയവും സ്വന്തമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ അഫ്ഗാന്‍ യുവനിര 5 വിക്കറ്റ് ജയം സ്വന്തമാക്കി. നാളെ യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

Exit mobile version