സെമി ഫൈനലുകള്‍ ഉപേക്ഷിച്ചു, ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന ആനുകൂല്യത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യയും ബംഗ്ലാദേശ്

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഫൈനലില്‍ എത്തി ഇന്ത്യയും ബംഗ്ലാദേശും. ഇന്ന് നടന്ന സെമി മത്സരങ്ങളില്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെയും ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെയും നേരിട്ടുവെങ്കിലും കനത്ത മഴ മൂലം മത്സരങ്ങള്‍ രണ്ടും ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയും ബംഗ്ലാദേശും ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് യോഗ്യത നേടി.

അഫ്ഗാനിസ്ഥാനെ ആവേശകരമായ ഗ്രൂപ്പ് മത്സരത്തില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായത്. അതേ സമയം ശ്രീലങ്കയെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തി ബംഗ്ലാദേശ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായിരുന്നു.

മഴയില്‍ മുങ്ങി ഏഷ്യ കപ്പ് സെമി ഫൈനലുകള്‍

ഇന്ന് നടക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ച് മഴ. ശ്രീലങ്കയില്‍ നടക്കുന്ന ഇരു സെമി ഫൈനലുകളെയും മഴ ബാധിച്ചിരിക്കുകയാണ്. ഇന്ത്യയും ശ്രീലങ്കയും ഒരു സെമി ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ മറ്റൊന്നില്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയും ബംഗ്ലാദേശുമാണ് ഇതുവരെ ടൂര്‍ണ്ണമെന്റില്‍ തോല്‍വിയറിയാത്ത ടീമുകള്‍.

തങ്ങളുടെ ഗ്രൂപ്പിലെ ജേതാക്കളായിയാണ് ഇരു രാജ്യങ്ങളും സെമിയിലേക്ക് കടന്നത്.

ഇന്ത്യയ്ക്കെതിരാളികള്‍ ശ്രീലങ്ക, ഗ്രൂപ്പ് ബി ജേതാക്കളായ ബംഗ്ലാദേശിന് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍

അണ്ടര്‍ 19 ഏഷ്യ കപ്പ് സെമി ഫൈനല്‍ ലൈനപ്പ് ആയി. ഗ്രൂപ്പ് എ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ശ്രീലങ്കയെ സെമിയില്‍ നേരിടുമ്പോള്‍ ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 42 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഗ്രൂപ്പ് ബിയിലെ ജേതാക്കളായത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 273/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 231 റണ്‍സിന് 47.4 ഓവറില്‍ ഓള്‍ഔട്ട് ആയി.

ബംഗ്ലാദേശിനായി മഹമ്മദുള്‍ ഹസന്‍ ജോയ് 126 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ മുഹമ്മദ് തൗഹിദ് ഹൃദോയ് 50 റണ്‍സുമായി രണ്ടാമത്തെ പ്രധാന സ്കോറര്‍ ആയി. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷനക മൂന്നും ആഷിയാന്‍ ഡാനിയേല്‍ രണ്ടും വിക്കറ്റ് നേടി. ശ്രീലങ്കയ്ക്കായി ഒട്ടനവധി താരങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും അത് തുടരാനാകാതെ പോയത് ടീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.

42 റണ്‍സ് നേടി റോഷന്‍ സഞ്ജയ സില്‍വ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ നിപുന്‍ ധനന്‍ജയ(36), അഹാന്‍ വിക്രമസിംഗേ(33), കമില്‍ മിശ്ര(33) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റ് പ്രധാന താരങ്ങള്‍. ബംഗ്ലാദേശ് നിരയില്‍ റാക്കിബുള്‍ ഹസന്‍ മൂന്നും മുഹമ്മദ് ഷൊറിഫുള്‍ ഇസ്ലാം, മുഹമ്മദ് ആഷ്റഫുള്‍ ഇസ്ലാം സിയാം എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

അഫ്ഗാനിസ്ഥാനെതിരെ കടന്ന് കൂടി ഇന്ത്യ, ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക്

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനലിലേക്ക് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരെ 3 വിക്കറ്റ് വിജയം നേടിയ ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് സെമി ഫൈനലിലേക്ക് എത്തുന്നത്. 124 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കിയെങ്കിലും ഇന്ത്യയുടെ ബാറ്റിംഗും അത്ര സുഖമമല്ലായിരുന്നു. അര്‍ജുന്‍ ആസാദിനെ തുടക്കത്തിലെ നഷ്ടമായ ഇന്ത്യ 80/1 എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകളുമായി അഫ്ഗാനിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അര്‍ജുന്‍ 21 റണ്‍സ് നേടിയപ്പോള്‍ സലീല്‍ അറോറയും ശാശ്വത് റാവത്തും 29 റണ്‍സ് നേടി പുറത്തായ ശേഷം ഇന്ത്യന്‍ ടീമില്‍ പിന്നീടെത്തിയ താരങ്ങളില്‍ ബഹുഭൂരിഭാഗവും രണ്ടക്ക സ്കോര്‍ നേടുവാന്‍ സാധിക്കാതെ പുറത്താകുകയായിരുന്നു.

അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹമ്മദ് ലക്കന്‍വാല നാല് വിക്കറ്റ് നേടി ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയായിരുന്നു. 80/1 എന്ന നിലയില്‍ നിന്ന് 92/6 എന്ന നിലയിലേക്ക് വീണ ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ കടന്ന് കൂടുകയായിരുന്നു. 13 റണ്‍സുമായി കരണ്‍ ലാലും 11 റണ്‍സ് നേടിയ പുര്‍ണ്ണാംഗ് ത്യാഗിയുമാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. എട്ടാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 22 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 38.4 ഓവറിലാണ് ഇന്ത്യ ലക്ഷ്യം മറികടന്നത്.

അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി ഇന്ത്യ

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഭാഗമായുള്ള ഗ്രൂപ്പ് എ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യന്‍ യുവനിര. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 40.1 ഓവറില്‍ ഇന്ത്യ 124 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ അര്‍ദ്ധ ശതക കൂട്ടുകെട്ടിന് ശേഷം അഫ്ഗാനിസ്ഥാന്‍ തകര്‍ന്നടിയുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍ സഖൈലും(29) സെദിഖുള്ള അടലും(25) നല്‍കിയ മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റുകളുമായി അഥര്‍വ അങ്കോലേക്കറും സുഷാന്ത് കുമാര്‍ മിശ്രയും അഫ്ഗാനിസ്ഥാനെ വെള്ളം കുടിപ്പിച്ചു.

പിന്നീട് അദിയുള്ള താനിവാല്‍ നേടിയ 39 റണ്‍സാണ് ടീമിനെ 124 റണ്‍സിലേക്ക് എത്തിച്ചത്. താനിവാല്‍ ആണ് അവസാന വിക്കറ്റായി പുറത്തായത്. ഇന്ത്യയ്ക്കായി സുശാന്ത് കുമാര്‍ മിശ്ര അഞ്ച് വിക്കറ്റും അഥര്‍വ അങ്കോലേക്കര്‍ നാലും വിക്കറ്റ് നേടി.

രണ്ടാം തോല്‍വിയോടെ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്ത്, ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍

ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് 85 റണ്‍സിന്റെ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന്‍. ഇന്ന് ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയതോടെ അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ സെമി ഫൈനല്‍ കാണാതെ മടങ്ങുന്നു. ഇന്ന് അഫ്ഗാനിസ്ഥാന്‍ കുവൈറ്റിനെതിരെ 7 വിക്കറ്റ് ജയം കരസ്ഥമാക്കിയതോടെ ഗ്രൂപ്പ് എ യില്‍ പോയിന്റുകളില്‍ ഇന്ത്യയ്ക്ക് ഒപ്പമാണെങ്കിലും റണ്‍ റേറ്റിന്റെ ആനുകൂല്യത്തില്‍ അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഇന്ന് കുവൈറ്റിനെ 85 റണ്‍സിന് പുറത്താക്കിയ ശേഷം 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. അടുത്ത മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യയും തിങ്കളാഴ്ച ഏറ്റുമുട്ടും. വിജയിക്കുന്നവര്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവും.

ശതകങ്ങളുമായി അര്‍ജുന്‍ ആസാദും തിലക് വര്‍മ്മയും, പാക്കിസ്ഥാനെതിരെ 60 റണ്‍സ് വിജയവുമായി ഇന്ത്യ

അണ്ടര്‍ 19 ഏഷ്യ കപ്പിന്റെ ഭാഗമായി ശ്രീലങ്കയില്‍ നടന്ന ഇന്നത്തെ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ആധികാരിക വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 245 റണ്‍സ് മാത്രമേ നേടാനായുള്ളു. പാക്കിസ്ഥാന്‍ നായകന്‍ രോഹൈല്‍ നസീര്‍ 117 റണ്‍സുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ പോയപ്പോള്‍ പാക്കിസ്ഥാന്‍ തോല്‍വിയേറ്റ് വാങ്ങി. 43 റണ്‍സ് നേടിയ മുഹമ്മദ് ഹാരിസ് മാത്രമാണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു പാക്കിസ്ഥാന്‍ താരം. ഇന്ത്യയ്ക്കായി അഥര്‍വ അങ്കോലേക്കര്‍ മൂന്നും വിദ്യാധര്‍ പാട്ടില്‍, സുശാന്ത് കുമാര്‍ മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി അര്‍ജുന്‍ ആസാദും താക്കുര്‍ തിലക് വര്‍മ്മ നമ്പൂരിയും ശതകങ്ങള്‍ നേടുകയായിരുന്നു. അര്‍ജുന്‍ 121 റണ്‍സും താക്കൂര്‍ 110 റണ്‍സുമാണ് നേടിയത്. 221/1 എന്ന നിലയില്‍ നിന്ന് പിന്നെ തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും ഇന്ത്യ 50 ഓവറില്‍ നിന്ന് 305 റണ്‍സ് നേടുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

ഇന്ത്യന്‍ യുവനിരയെ അഭിനന്ദനം അറിയിച്ച് സൗരവ് ഗാംഗുലി

ഏഷ്യ കപ്പ് ഫൈനലിലെ വലിയ വിജയത്തിനു ഇന്ത്യന്‍ U-19 ടീമിനെ അഭിനന്ദനം അറിയിച്ച് സൗരവ് ഗാംഗുലി. ശ്രീലങ്കയെ 144 റണ്‍സിനു കീഴടക്കി കിരീടം നേടിയ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ ബുദ്ധിമുട്ടിയത് സെമി ഫൈനലില്‍ ബംഗ്ലാദേശിനോട് മാത്രമാണ്. അന്ന് രണ്ട് റണ്‍സ് വിജയം നേടി ഇന്ത്യ ഫൈനലിലേക്ക് കടന്ന് കൂടിയെങ്കിലും ഫൈനലില്‍ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യ ശ്രീലങ്കയെ തകര്‍ത്ത് വിടുകയായിരുന്നു.

6 വിക്കറ്റ് നേടിയ ഹര്‍ഷ് ത്യാഗി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യശ്വസി ജയ്സ്വാല്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യന്‍ യുവ നിര എന്നും ശക്തരാണെന്നുള്ളത് തന്നെയാണ് ഇന്ത്യയുടെ സീനിയര്‍ ടീം എല്ലാക്കാലവും മികച്ച് നില്‍ക്കുവാന്‍ കാരണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. ക്രിക്കറ്റിനെ ഇന്ത്യയില്‍ മികച്ച വളര്‍ച്ച നല്‍കുന്നതും ഇതുപോലെ ഭാവി താരങ്ങളുടെ സാന്നിധ്യമാണെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

ഏഷ്യന്‍ ചാമ്പ്യന്മാരായി ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തത് 144 റണ്‍സിനു

ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയം കൊയ്ത് ഇന്ത്യ U-19 ക്രിക്കറ്റ് ടീം. ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനു പരാജയപ്പെടുത്തിയാണ് സീനിയര്‍ ടീമിനു സമാനമായ രീതിയില്‍ ജൂനിയര്‍ ടീമും ഏഷ്യന്‍ ചാമ്പ്യന്മാരായി മാറിയത്. ശ്രീലങ്കയെ 38.4 ഓവറില്‍ 160 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആക്കിയത്.   ശ്രീലങ്കയ്ക്കതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അവസാന ഓവറുകളിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്.

നാല് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടുകയുണ്ടായി. യശസ്വി ജയ്സ്വാല്‍(85), അനുജ് റാവത്ത്(57), പ്രഭ്സിമ്രാന്‍ സിംഗ്(65*), ആയുഷ് ബഡോനി(52*) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഹര്‍ഷ് ത്യാഗിയുടെ ബൗളിംഗാണ് തകര്‍ത്തത്. ഹര്‍ഷ് 6 വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ നിരയെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് ദേശായി 2  വിക്കറ്റ് നേടി.  ശ്രീലങ്കയ്ക്കായി നിഷാന്‍ മധുഷ്ക(49), നവോദ് പരണവിതാന(48), പസിന്ദു സൂര്യബണ്ടാര(31) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്.

അടിച്ച് തകര്‍ത്ത് ഇന്ത്യ, ശ്രീലങ്കയ്ക്കെതിരെ ഫൈനലില്‍ കൂറ്റന്‍ സ്കോര്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ഏഷ്യ കപ്പ് ഫൈനലില്‍ 304 റണ്‍സ് നേടി ഇന്ത്യ. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗാണ് മത്സരഗതിയെ മാറ്റി മറിച്ചത്. ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന് കിരീടമുയര്‍ത്തുക എന്ന ശ്രമകരമായ ദൗത്യമാണ് ശ്രീലങ്കയെ കാത്തിരിക്കുന്നത്.

ടോപ് ഓര്‍ഡര്‍ ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. അവസാന 10 ഓവറിലേക്ക് ഇന്ത്യന്‍ ഇന്നിംഗ്സ് കടക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് ടീം നേടിയിരുന്നത്. അവസാന പത്തോവറില്‍ നിന്ന് 113 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ നഷ്ടമായത്.

ഓപ്പണര്‍മാരായ യശസ്വി ജൈസ്വാല്‍(85), അനുജ് റാവത്ത്(57) എന്നിവര്‍ക്കൊപ്പം ദേവദത്ത് പടിക്കല്‍(31), പ്രഭ്സിമ്രാന്‍ സിംഗ്(65*), ആയുഷ് ബഡോനി(52*) എന്നിവരും കൂടി ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ബഡോണിയും പ്രഭ്സിമ്രാന്‍ സിംഗും കൂടി ചേര്‍ന്നാണ് മത്സരത്തില്‍ ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

14 സിക്സുകള്‍ പിറന്ന മത്സരത്തില്‍ പ്രഭ്സിമ്രാന്‍സിംഗ് നാലും ആയുഷ് ബഡോനി അഞ്ചും സിക്സുകളാണ് നേടിയത്. വെറും 37 പന്തില്‍ നിന്ന് സിംഗ് 65 റണ്‍സ് നേടിയപ്പോള്‍ ബോനി 28 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി. 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. ശ്രീലങ്കയ്ക്കായി കല്‍ഹാര സേനാരത്നേ, കലന പെരേര, ദുലിത് വെല്ലാലാഗെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ഇന്ത്യ – ശ്രീലങ്ക ഫൈനല്‍, അഫ്ഗാനിസ്ഥാനെ 32 റണ്‍സിനു കീഴടക്കി ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനലിലേക്ക്

U19 ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. 209/7 എന്ന സ്കോറില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ച ശ്രീലങ്കയുടെ രക്ഷയ്ക്കെത്തിയത് നുവാനിഡു ഫെര്‍ണാണ്ടോ നേടിയ 111 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാനെ 48.3 ഓവറില്‍ 178 റണ്‍സിനു എറിഞ്ഞിട്ടാണ് ശ്രീലങ്ക 32 റണ്‍സ് ജയം സ്വന്തമാക്കിയത്.

4 വിക്കറ്റ് നേടി ശശിക ദുല്‍ഷനു പിന്തുണയായി കല്‍ഹാര സേന രത്നേ, നവോദ് പരണവിതാന എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ദുലിത് വെല്ലാലാഗേ ഒരു വിക്കറ്റ് നേടി. 84/1 എന്ന നിലയില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്റെ തകര്‍ച്ച ആരംഭിക്കുന്നത്. 46 റണ്‍സ് നേടിയ ക്യാപ്റ്റനും ഓപ്പണറുമായി റഹ്മാനുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഇജാസ് അഹമ്മദ് 37 റണ്‍സ് നേടി പുറത്തായി. ബസീര്‍ ഖാന്‍ 27 റണ്‍സും ആരിഫ് ഖാന്‍ 20 റണ്‍സും നേടിയെങ്കിലും ആരും തന്നെ വലിയൊരു ഇന്നിംഗ്സ് കളിക്കാതെ വന്നപ്പോള്‍ ടീമിന്റെ ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളാണ് ഇന്ത്യയും ശ്രീലങ്കയും. സെമി ഫൈനലില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയം പിടിച്ചെടുത്തപ്പോള്‍ ശ്രീലങ്കയും പോരാടിയാണ് ഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്.

നുവാനിഡു ഫെര്‍ണാണ്ടോയുടെ ശതകം, അഫ്ഗാനിസ്ഥാനെതിരെ സെമിയില്‍ 209 റണ്‍സ് നേടി ശ്രീലങ്ക

വാലറ്റത്തിനൊപ്പം പോരാടിയ നുവാനിഡു ഫെര്‍ണാണ്ടോയുടെ ഇന്നിംഗ്സിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 209 റണ്‍സ് നേടി ശ്രീലങ്ക. 113 റണ്‍സ് നേടി ഇന്നിംഗ്സിലെ അവസാന പന്തില്‍ നുവാനിഡു പുറത്താകുമ്പോള്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ തങ്ങളുടെ 50 ഓവറില്‍ 209 റണ്‍സിലേക്ക് എത്തുകയായിരുന്നു. കലന പെരേര(22), നുപിന ധനന്‍ജയ(27), പസിന്ദു സൂരിയബന്ദാര(17*) എന്നിവരുടെ ചെറുത്ത് നില്പാണ് ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ട ശ്രീലങ്കയുടെ രക്ഷയ്ക്കെത്തിയത്.

സെമിയിലേക്ക് മൂന്ന് മത്സരങ്ങളും വിജയിച്ചെത്തിയ ശ്രീലങ്കയ്ക്ക് ഫൈനലില്‍ കടക്കുവാന്‍ ഇനി ബൗളര്‍മാര്‍ കനിയണം. അഫ്ഗാനിസ്ഥാനും വേണ്ടി അബ്ദുള്‍ റഹ്മാന്‍ മൂന്നും അസ്മത്തുള്ള, ഖൈസ് അഹമ്മദ്, സമിയുള്ള, അബിദ് മുഹമ്മദി എന്നിവര്‍ ഓരോ വിക്കറ്റും നേടുകയായിരുന്നു.

Exit mobile version