U19 ഏഷ്യ കപ്പില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 221 റണ്‍സിനു എറിഞ്ഞിട്ടുവെങ്കിലും ലക്ഷ്യം മറികടക്കുന്നതില്‍ പിഴച്ച് അഫ്ഗാനിസ്ഥാന്‍. 51 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. 92 റണ്‍സ് നേടിയ യശസ്വി ജൈസ്വാലും 65 റണ്‍സുമായി ആയുഷ് ബഡോനിയും മാത്രം തിളങ്ങിയ ഇന്ത്യന്‍ ബാറ്റിംഗ് നിര 221 റണ്‍സിനു 45.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി മൂന്ന് വീതം വിക്കറ്റുമായി അസ്മത്തുള്ളയും കൈസ് അഹമ്മദും തിളങ്ങിയപ്പോള്‍ ആബിദ് മുഹമ്മദി രണ്ടും അബ്ദുള്‍ റഹ്മാന്‍, റിയാസ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ചെറു സ്കോര്‍ പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാനു ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് നേടി മുന്നേറുകയായിരുന്നു കൂട്ടുകെട്ടില്‍ റഹ്മത്തുള്ളയെ(37) പുറത്താക്കി സിദ്ധാര്‍ത്ഥ് ദേശായി ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നേടി കൊടുത്തു. ഏതാനും ഓവറുകള്‍ക്ക് ശേഷം ഇജാസ് അഹമ്മദിനെയും ദേശായി തന്നെ പുറത്താക്കി.
തുടര്‍ന്ന് ഹര്‍ഷ് ത്യാഗി ആബിദ് മുഹമ്മദിയെയും റിയാസ് ഹുസ്സനെയു(47) പുറത്താക്കിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ കൂടുതല്‍ പ്രതിസന്ധിയിലായി. 30 ഓവറുകള്‍ പിന്നിടുമ്പോള്‍ 105/5 എന്ന നിലയിലായിരുന്ന ടീം ടീം 45.4 ഓവറില്‍ 170 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി നാലും ഹര്‍ഷ് ത്യാഗ് മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സമീര്‍ ചൗധരി രണ്ട് വിക്കറ്റ് നേടി.