ശ്രീലങ്കയുടെ ബംഗ്ലാദേശിനെതിരെയുള്ള റൺ ചേസ് ചെറിയ സ്കോര്‍ തേടിയായിരുന്നുവെങ്കിലും ടീമിന്റെ തുടക്കം അത്ര മികച്ചതല്ലായിരുന്നു. 15 റൺസ് നേടുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ശ്രീലങ്ക 43/3 എന്ന നിലയിലേക്ക് വീണ ശേഷം സദീര സമരവിക്രമയുടെ ബാറ്റിംഗ് മികവാണ് ടീമിനെ ലക്ഷ്യത്തിന് അടുത്തേക്ക് എത്തിച്ചത്.
വിക്രമയും(54) – ചരിത് അസലങ്കയും(62*) ചേര്‍ന്ന് നടത്തിയ ചെറുത്ത്നില്പാണ് ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്. താന്‍ പോസിറ്റീവായി ബാറ്റ് ചെയ്യുവാനാണ് തീരുമാനിച്ചതെന്നും അതിനൊപ്പം കൂട്ടുകെട്ട് സൃഷ്ടിക്കുവാന്‍ ശ്രദ്ധ ചെലുത്തിയെന്നും സദീര സമരവിക്രമ പറഞ്ഞു. ബാറ്റിംഗ് ഈ വിക്കറ്റിൽ ദുഷ്കരമായിരുന്നുവെന്നും താന്‍ പ്രധാനമായും തന്റെ ശക്തികേന്ദ്രങ്ങളായ കവര്‍ ഡ്രൈവിനെയും പുള്‍ ഷോട്ടിനെയും വിശ്വസിച്ച് പോസിറ്റീവായി തന്നെ മത്സരത്തെ സമീപിക്കുകയായിരുന്നുവെന്നും സദീര സൂചിപ്പിച്ചു.