ഏഷ്യ കപ്പിൽ ഹൈബ്രിഡ് മോഡൽ കാരണം വരുന്ന അധിക യാത്ര തങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ്. ഗ്രൂപ്പ് ബിയിലെ അംഗമായ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടക്കുന്നത്. ഓഗസ്റ്റ് 31ന് ശ്രീലങ്കയ്ക്കെതിരെ ശ്രീലങ്കയിൽ നടക്കുന്ന മത്സര്തതിന് ശേഷം ടീം അഫ്ഗാനിസ്ഥാനെ നേരിടുവാന്‍ പാക്കിസ്ഥാനിലേക്ക് യാത്രയാകും. സെപ്റ്റംബര്‍ 3ന് ആണ് മത്സരം.
ഈ സാഹചര്യത്തിൽ ടീമുകള്‍ക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഒരുക്കേണ്ട ചുമതല ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനുണ്ടെന്നും അത് ക്വാളിറ്റി എയര്‍ലൈന്‍സ് ആയിരിക്കണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് പറഞ്ഞു.
ഇത്രത്തോളം യാത്ര വരുമ്പോള്‍ അതിനുള്ള തയ്യാറെടുപ്പുകളുമായി ഏറെ സമയം പോകുമെന്നും അതിനാൽ തന്നെ ടീമിന്റെ തയ്യാറെടുപ്പുകളെയും പ്രകടനത്തെയും അത് ബാധിക്കുമെന്നും പാക്കിസ്ഥാന്‍ ശ്രീലങ്കയിൽ നിന്ന് ഏറെ ദൂരെയാണെന്നും എല്ലാ ടീമുകളും ഇത്തരത്തിലാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.