2020ല്‍ നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് ടൂര്‍ണ്ണമെന്റിനെക്കുറിച്ചുള്ള അവ്യക്തത തുടരുകയാണെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി. ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലാണ് ടൂര്‍ണ്ണമെന്റ് നടത്തേണ്ടിയിരുന്നത്. അടുത്ത ഐസിസിയുടെ വലിയ ഇവന്റിന്റെ ഫോര്‍മാറ്റ് ഏതാണോ ആ രീതിയിലാണ് ടൂര്‍ണ്ണമെന്റ് നടത്തേണ്ടതെന്ന് മുമ്പ് എസിസി തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ ടി20 ലോകകപ്പ് നടക്കാനിരുന്നതിനാല്‍ തന്നെ ഈ വര്‍ഷം ടി20 ഫോര്‍മാറ്റിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.
പാക്കിസ്ഥാനായിരുന്നു ടൂര്‍ണ്ണമെന്റ് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഇപ്പോള്‍ കാര്യങ്ങള്‍ അത്ര അനുകൂല സ്ഥിതിയില്‍ അല്ല. ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നും എഹ്സാന്‍ മാനി വ്യക്തമാക്കി.
സെപ്റ്റംബറില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് ഇന്ത്യ പാക്കിസ്ഥാന്‍ തര്‍ക്കമുള്ളതിനാല്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്. സെപ്റ്റംബറില്‍ എന്താണ് സ്ഥിതിയെന്നത് ഇപ്പോള്‍ അറിയില്ലെന്നും അതിനാല്‍ തന്നെ ഏഷ്യ കപ്പ് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മാനി വ്യക്തമാക്കി.