ക്രിക്കറ്റിൽ സ്പിന്നര്‍ നോ ബോള്‍ എറിയുന്നത് വലിയ കുറ്റകൃത്യമായാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ് ഷാക്കിബ് അൽ ഹസന്‍. ബംഗ്ലാദേശ് ശ്രീലങ്കയോട് ഏഷ്യ കപ്പിലെ മത്സരം തോറ്റ് പുറത്താകുകയായിരുന്നു.
അവസാന ഓവറിലാണ് അടിയറവ് പറഞ്ഞതെങ്കിലും മത്സരത്തില്‍ വിജയിക്കുവാനുള്ള അവസരം ബംഗ്ലാദേശ് തന്നെ കൈവിടുകയായിരുന്നു. 60 റൺസ് നേടിയ കുശൽ മെന്‍ഡിസിനെ മെഹ്ദി ഹസന്‍ നോ ബോള്‍ എറിഞ്ഞ് ജീവന്‍ ദാനം നൽകിയിരുന്നു.
ഇതിന് മുമ്പ് മെന്‍ഡിസിന്റെ സ്കോര്‍ വെറും 2 റൺസിലുള്ളപ്പോള്‍ ടാസ്കിന്‍ അഹമ്മദിന്റെ ഓവറിൽ താരം നൽകിയ അവസരം മുഷ്ഫിക്കുര്‍ റഹിം കൈവിടുകയായിരുന്നു. നോ ബോളുകള്‍ ഒരു ക്യാപ്റ്റനും ആഗ്രഹിക്കുന്ന ഒന്നല്ല എന്നാൽ അത് ഒരു സ്പിന്നര്‍ ആണ് ചെയ്യുന്നതെങ്കിൽ അത് കുറ്റകൃത്യമായി തന്നെ കാണണെന്നും ഷാക്കിബ് പറഞ്ഞു.
മത്സരത്തിൽ എട്ട് വൈഡുകളും 4 നോ ബോളുകളുമാണ് ബംഗ്ലാദേശ് എറിഞ്ഞത്. സ്പിന്നര്‍മാര്‍ നോ ബോളുകള്‍ എറിഞ്ഞതും തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ നിര്‍ണ്ണായക ഘട്ടങ്ങളിൽ ഔട്ട് ആയതുമാണ് മത്സരത്തിൽ വിനയായതെന്നും ഷാക്കിബ് കൂട്ടിചേര്‍ത്തു.