ഇന്ത്യൻ ബാറ്റർ വിരാട് കോഹ്ലിയെ താൻ ഏറെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇന്ന് ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു ബാബർ അസം.
“പരസ്പര ബഹുമാനം ഉണ്ടായിരിക്കണം. നമ്മുടെ മുതിർന്നവരെ ബഹുമാനിക്കണമെന്നാണ് എന്നെ പഠിപ്പിച്ചത്. കോഹ്ലി എന്നെക്കാൾ പ്രായമുള്ളവനാണ്, ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിച്ചു. ഞാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചു തുടങ്ങിയപ്പോൾ ഞാൻ അദ്ദേഹവുമായി സംസാരിച്ചു, അത് എന്നെ വളരെയധികം സഹായിച്ചുവെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്, ”അസം പറഞ്ഞു.
“ഏഷ്യാ കപ്പ് ഒരു ചെറിയ ടൂർണമെന്റാണെന്ന് ഞങ്ങൾക്ക് പറയാനാവില്ല, ഏഷ്യയിലെ മികച്ച ടീമുകളും മികച്ച കളിക്കാരും കളിക്കുന്നുണ്ട്. നിങ്ങൾക്ക് ഈ കിരീടം എളുപ്പത്തിൽ എടുക്കാൻ കഴിയില്ല. ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ ഏഷ്യാ കപ്പിലാണ്,” അസം കൂട്ടിച്ചേർത്തു.