ഏകദിന ടീമിലേക്കുള്ള തന്റെ മടങ്ങി വരവ് ഗംഭീരമാക്കി രവീന്ദ്ര ജഡേജ. ബംഗ്ലാദേശ് മധ്യനിരയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സ്പിന്നറുടെ ബൗളിംഗ് പ്രകടനത്തിന്റെയും മറ്റു ബൗളര്‍മാരുടെയും സഹായത്തോടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 173 റണ്‍സിനു പുറത്താക്കി ഇന്ത്യ ശക്തമായ ബൗളിംഗ് പ്രകടനം മത്സരത്തില്‍ പുറത്തെടുക്കുകയായിരുന്നു.
ഓപ്പണര്‍മാരെ പേസര്‍മാര്‍ പുറത്താക്കിയ ശേഷം ചെറുത്ത്നില്പിനു ശ്രമിച്ച ഷാക്കിബ് അല്‍ ഹസന്(17), മുഷ്ഫിക്കുര്‍ റഹിം(21) തുടങ്ങിയ ബംഗ്ലാദേശ് മധ്യനിരയിലെ സീനിയര്‍ താരങ്ങളെ പുറത്താക്കി രവീന്ദ്ര ജഡേജ മത്സരത്തിലെ ആദ്യ ഇന്നിംഗ്സ് ഇന്ത്യയുടെ പക്ഷത്തേക്ക് ആക്കുകയായിരുന്നു. മുഹമ്മദ് മിഥുന്റെ(9) വിക്കറ്റും ജഡേജ നേടി.
36 റണ്‍സ് കൂട്ടുകെട്ട് ആറാം വിക്കറ്റില്‍ നേടി മഹമ്മദുള്ള(25)-മൊസ്ദൈക്ക് കൂട്ടുകെട്ട് ബംഗ്ലാദേശിന്റെ സ്കോര്‍ നൂറ് കടത്തിയ ഉടനെ മഹമ്മദുള്ളയെ ഭുവനേശ്വര്‍ കുമാറും മൊസ്ദൈക്കിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി. തന്റെ പത്തോവറില്‍ നിന്ന് 29 റണ്‍സ് മാത്രം വിട്ട് നല്കി ജഡേജ 4 വിക്കറ്റാണ് വീഴ്ത്തിയത്.
എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മഷ്റഫേ മൊര്‍തസയെ ഒരു വശത്ത് നിര്‍ത്തി പൊരുതിയ മെഹ്ദി ഹസന്റെ ബാറ്റിംഗാണ് ബംഗ്ലാദേശിനു ആശ്വാസമായത്. 42 റണ്‍സ് നേടിയ മെഹ്ദി ഹസനാണ് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 66 റണ്‍സ് നേടിയത് ബംഗ്ലാദേശിനു ഏറെ നിര്‍ണ്ണായകമായി. തുടര്‍ന്ന് മെഹ്ദി ഹസനെയും മുസ്തഫിസുറിനെയും പുറത്താക്കി ബുംറ ബംഗ്ലാദേശ് ചെറുത്ത് നില്പിനു 49.1 ഓവറില്‍ വസാനം കുറിച്ചു.
രവീന്ദ്ര ജഡേജയുടെ നാല് വിക്കറ്റിനു പുറമെ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.