വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യയെ തോൽപ്പിച്ച് ശ്രീലങ്ക സ്വന്തമാക്കി. ഇന്ന് ഫൈനലിൽ ശ്രീലങ്ക 8 വിക്കറ്റിന് ആണ് ഇന്ത്യയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19ആം ഓവറിൽ ലക്ഷ്യം കാണുക ആയിരുന്നു.
61 റൺസ് എടുത്ത ചമാരി അട്ടപത്തു മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് നൽകിയത്. പിന്നീട് ഹർഷിത മാധവിയും പൊരുതി. ഹർഷിത 51 പന്തിൽ നിന്ന് 69 റൺസ് എടുത്തു അവരുടെ വിജയം ഉറപ്പിച്ചു. കവിശ 30 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ന് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്ത് 165/6 എന്ന സ്കോർ നേടി. ആക്രമിച്ചു കളിക്കാൻ ഇന്ന് ഇന്ത്യ പ്രയാസപ്പെടുന്നതാണ് ആദ്യ ഇന്നിങ്സിൽ കണ്ടത്. അർധ സെഞ്ച്വറി നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ ആയത്. 47 പന്തിൽ നിന്നാണ് സ്മൃതി ഇന്ന് 60 റൺസ് എടുത്തത്.

ഷഫാലി വർമ 16, ഉമ ഛേത്രി 9, ഹർമൻപ്രീത് 11 എന്നിവർ നിരാശപ്പെടുത്തി. ജമീമ റോഡ്രിഗസ് 16 പന്തിൽ നിന്ന് 29 അടിച്ച് അവസാനം നല്ല സംഭാവന നൽകി. റിച്ച ഘോഷ് അവസാനം 14 പന്തിൽ നിന്ന് 30 റൺസും എടുത്തത് ഇന്ത്യയെ 160 കടക്കാൻ സഹായിച്ചു.
ശ്രീലങ്കയ്ക്ക് ആയി കവിശ 2 വിക്കറ്റും സച്ചിനി, ചമാരി എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.