ഹസ്മത്തുള്ള ഷഹീദിയുടെയും അസ്ഗര്‍ അഫ്ഗാനിന്റെയും ചെറുത്ത് നില്പിന്റെ ബലത്തില്‍ പാക്കിസ്ഥാനെതിരെ സൂപ്പര്‍ 4 മത്സരത്തില്‍ 257 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്. 10.1 ഓവറില്‍ 21/2 എന്ന സ്ഥിതിയില്‍ നിന്ന് മെല്ലെയെങ്കിലും അഫ്ഗാനിസ്ഥാനെ മുന്നോട്ട് നയിച്ചത് റഹ്മത് ഷായും(36) ഹസ്മത്തുള്ള ഷഹീദിയും ചേര്‍ന്നാണ്. റഹ്മത് ഷാ പുറത്തായ ശേഷം അസ്ഗര്‍ അഫ്ഗാന് ക്രീസിലെത്തിയപ്പോളാണ് അഫ്ഗാനിസ്ഥാന് ഇന്നിംഗ്സിനു വേഗത കൈവന്നത്.
56 പന്തില്‍ നിന്ന് 5 സിക്സും 2 ബൗണ്ടറിയും സഹിതം 67 റണ്‍സാണ് അസ്ഗര്‍ നേടിയത്. താരത്തെ പുറത്താക്കി ഷഹീന് അഫ്രീദി തന്റെ കന്നി ഏകദിന വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് നബിയെയും അഫ്രീദി തന്നെ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റില്‍ ഹസ്മത്തുള്ള ഷഹീദിയും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് 45 റണ്‍സ് നേടിയതും അഫ്ഗാന് ഇന്നിംഗ്സില്‍ വഴിത്തിരിവായി. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത് ഹസ്മത്തുള്ള ഷഹീദ് തന്റെ ശതകത്തിനു മൂന്ന് റണ്‍സ് അകലെ വരെയെത്തിയെങ്കിലും അര്‍ഹമായ ശതകം താരത്തിനു നേടാനായില്ല.
വ്യക്തിഗത സ്കോര്‍ 77ല്‍ നില്‍ക്കെ ഷഹീദിയെ ഹസന് അലി ക്ലീന്‍ ബൗള്‍ഡാക്കിയെങ്കിലും ഫ്രണ്ട് ഫുട്ട് നോബോള്‍ കാരണം ഷഹീദി രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം മാത്രം ഷഹീദി 4 ബൗണ്ടറി നേടകുയായിരുന്നു. ഇന്നിംഗ്സില്‍ ഷഹീദി ഏഴ് ബൗണ്ടറിയാണ് നേടിയത്.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് നലാസ് മൂന്നും ഷഹീന് അഫ്രീദി രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഹസന് അലിയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.