ഏഷ്യയിൽ ക്രിക്കറ്റ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പമാണ് വന്നത്. കമ്പനി ഏഷ്യ ഉപേക്ഷിച്ചു പോയപ്പോൾ അവശേഷിച്ച പല ശീലങ്ങളിൽ ഒന്നായി മാറി അത്. ബ്രിട്ടീഷ്കാർ അധിനിവേശം നടത്തിയ രാജ്യങ്ങളിൽ ഈ ജന്റിൽമൻസ് ഗെയിം അതിവേഗം വളർന്നു. സാമ്രാജ്യം ചെറുതായി ചെറുതായി രാജ്യം മാത്രം ആയപ്പോഴും അവർക്ക് ക്രിക്കറ്റിന്മേലുള്ള ആധിപത്യം പക്ഷെ തുടർന്നു.
എങ്കിലും ക്രിക്കറ്റ് കളിയുടെ ഡബിൾ എൻജിൻ വളർച്ചക്ക് യഥാർത്ഥ കാരണക്കാർ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ അയൽ രാജ്യക്കാരായ ഇന്ത്യയും പാകിസ്ഥാനുമാണ്. 70കളോടെ അവർ അന്താരാഷ്ട്ര വേദികളിൽ പേരെടുത്തു തുടങ്ങിയെങ്കിലും 1983 വേൾഡ് കപ്പിലെ ഇന്ത്യൻ ജയത്തോടെയാണ് ക്രിക്കറ്റ് വേദികളിൽ ഏഷ്യക്ക് ആദരവ് ലഭിച്ചു തുടങ്ങിയത്. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റിൽ ഈ രണ്ട് രാജ്യങ്ങളിൽ നിന്ന് ലോകോത്തര കളിക്കാർ ഉയർന്നു വന്നതും, ഈ കളിക്കാരെ രാജ്യാതിർത്തികൾ തടസ്സമാകാതെ ഏഷ്യയിലെ ക്രിക്കറ്റ് രാജ്യങ്ങൾ സ്നേഹിച്ചു വന്നതും കളിയുടെ പ്രാചാരത്തിന് ഏഷ്യയിൽ വേഗത കൂട്ടി. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങൾ തങ്ങൾ കുടിയേറി പാർത്ത രാജ്യങ്ങളിലേക്കും ഈ കളി സംസ്കാരം കൂടെ കൂട്ടി. അങ്ങനെ പിന്നീട് അവരായി ക്രിക്കറ്റിന്റെ യഥാർത്ഥ പ്രചാരകർ.
കളി നിലനിന്നു പോകാൻ കളിക്കാർ മാത്രം പോര, സാമ്പത്തികം കൂടി അത്യാവശ്യമാണ് എന്ന തിരിച്ചറിവാണ് ക്രിക്കറ്റിന്റെ ഭരണം ലണ്ടനിൽ നിന്നും ഏഷ്യയിലേക്ക് മാറാൻ ഇടയാക്കിയത്.
ഇന്ന് ഏഷ്യൻ ക്രിക്കറ്റിന് ലോക ക്രിക്കറ്റിൽ അനിഷേധ്യമായ സ്ഥാനമുണ്ട്, കളിക്കളത്തിലും, ഭരണത്തിലും. എന്നാൽ രാഷ്ട്രീയ പ്രതിസന്ധി ഏറ്റവും കൂടുതൽ കളിയെ അലട്ടുന്നതും ഇവിടെ തന്നെ. ശ്രീലങ്ക, പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ അസ്ഥിരത നമ്മൾ കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ട്. ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ചു നിന്നിട്ടാണ് പാശ്ചാത്യ രാജ്യങ്ങളെ എതിർത്ത് ക്രിക്കറ്റ് ഭരണ രംഗം കൈയ്യടക്കിയത്. ഈ ഐക്യവും പതിയെ ഇല്ലാതാകുന്നുണ്ട്. ഇതെല്ലാം മറികടന്നു ഇനിയും ഈ കളിയെ ഏഷ്യയിൽ വികസിപ്പിക്കേണ്ടതുണ്ട്.
ഇപ്പോൾ നടക്കുന്ന T20 ഏഷ്യ കപ്പിൽ താരതമ്യേന റാങ്കിങ് കുറഞ്ഞ ടീമുകളായ അഫ്ഘാനിസ്ഥാനും ഹോങ്കോങ്ങും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ച വച്ചത്. യുഎഇ, ഒമാൻ, സിംഗപ്പൂർ, നേപ്പാൾ തുടങ്ങിയ രണ്ടാം നിര ടീമുകൾക്ക് ആവേശം നൽകുന്ന വാർത്തയാണിത്.
ഇത്തരം ടീമുകൾക്ക് ഇനിയും മുന്നോട്ട് പോകാൻ പ്രചോദനം നൽകാൻ, ആ രാജ്യങ്ങളിലെ ക്രിക്കറ്റ് വികസിപ്പിക്കാൻ, ഒരു പുതിയ ടെസ്റ്റ് ലീഗും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തുടങ്ങണം. അതിൽ വിജയിക്കുന്നവർക്ക്, ഇപ്പോൾ ടെസ്റ്റ് റാങ്കിങ് ഉള്ള ടീമുകളുമായി ടെസ്റ്റ് കളിക്കാൻ അവസരവും ഉണ്ടാക്കി കൊടുക്കണം.
ഇത് കൂടാതെ കഴിഞ്ഞ കോമണ് വെൽത്ത് ഗെയിംസിൽ വനിത ക്രിക്കറ്റ് തുടക്കം കുറിച്ച പോലെ, ഏഷ്യ ഗെയിംസിലും ആണ് പെണ് ടീമുകൾ ഇറങ്ങട്ടെ. കൂടുതൽ രാജ്യങ്ങളിലേക്ക് കളി വളരട്ടെ, അത് വഴി സൂര്യനസ്തമിക്കാത്ത കളിയായി ക്രിക്കറ്റ് മാറട്ടെ!