ഈ വർഷത്തെ ഏഷ്യ കപ്പ് പാകിസ്ഥാനിൽ വെച്ച് നടക്കുന്നതിന് പകരം ശ്രീലങ്കയിൽ വെച്ച് നടക്കുമെന്ന വാർത്തകളോട് ശക്തമായ രീതിയിൽ പ്രതികരിച്ച് ബി.സി.സി.ഐ. ഈ വർഷത്തെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ വെച്ച് നടത്തുമെന്ന് കഴിഞ്ഞ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ മീറ്റിങ്ങിൽ തീരുമാനമയെന്ന വാർത്തകളോടാണ് ബി.സി.സി.ഐ ശക്തമായി പ്രതികരിച്ചത്. എ.സി.സി മീറ്റിംഗിൽ ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇത് ആരുടെയെങ്കിലും ഭാവന സൃഷ്ടിയാണെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ഏഷ്യ കപ്പ് ആതിഥേയത്വം ശ്രീലങ്കക്ക് നൽകുന്നതിനെ പറ്റി ചർച്ച ചെയ്തെന്നും പാകിസ്ഥാൻ ഏഷ്യ കപ്പ് ആതിഥേയത്വം കൈമാറാൻ തയ്യാറായെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെ പറ്റി എ.സി.സി മീറ്റിംഗിൽ ചർച്ച ചെയ്തെന്നും എ.സി.സി ഇതിന് അനുകൂലമായ തീരുമാനം എടുത്തെന്നും ഷമ്മി സിൽവ അറിയിച്ചു. ഇതിനെതിരെയാണ് ബി.സി.സി.ഐ രംഗത്തെത്തിയത്.