ബംഗ്ലാദേശിനെതിരെ ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ 255 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍255 റണ്‍സ് നേടുകയായിരുന്നു. ബംഗ്ലാദേശിനെതിരെ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ അഫ്ഗാന്‍ ബാറ്റിംഗ് നിര 160/7 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിന്റെ സ്കോര്‍ 200 കടത്തിയത്. 95 റണ്‍സാണ് കൂട്ടുകെട്ടില്‍ റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്ന് നേടിയത്. റഷീദ് ഖാന്‍ 32 പന്തില്‍ നിന്ന് 57 റണ്‍സും നൈബ് 42 റണ്‍സും നേടി പുറത്താകാതെ നിന്നു.
ഹസ്മത്തുള്ള ഷഹീദിയുടെ അര്‍ദ്ധ ശതകവും(58) മുഹമ്മദ് ഷെഹ്സാദിന്റെ 37 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാന്‍ നിര പരാജയപ്പെടുകയായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്ഥാനെ പ്രതിരോധത്തിലാക്കുവാന്‍ ബംഗ്ലാദേശിനു സാധിച്ചുവെങ്കിലും അവസാന ഓവറുകളില്‍ ശക്തമായ തിരുച്ചുവരവാണ് അഫ്ഗാനിസ്ഥാന്‍ നടത്തിയത്.
എട്ടാം വിക്കറ്റില്‍ 95 റണ്‍സ് നേടി ഗുല്‍ബാദിന്‍ നൈബ്-റഷീദ് ഖാന്‍ കൂട്ടുകെട്ടാണ് ടീമിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ബംഗ്ലാദേശിനു വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റും അബു ഹൈദര്‍ റോണി രണ്ടും വിക്കറ്റ് നേടി. റൂബല്‍ ഹൊസൈനാണ് ഒരു വിക്കറ്റ്.