20ാം പിറന്നാള്‍ അവിസ്മരണീയമാക്കി റഷീദ് ഖാന്‍, അര്‍ദ്ധ ശതകം നേടി യുവ താരം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

160/7 എന്ന നിലയില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാനു വേണ്ടി ക്രീസിലെത്തി നില്‍ക്കുമ്പോള്‍ തന്റെ 20ാം പിറന്നാള്‍ ഇന്ന് ആഘോഷിക്കുന്ന റഷീദ് ഖാന്‍ ഇത്തരം ഒരു ഇന്നിംഗ്സ് സ്വയം പോലും പ്രതീക്ഷിച്ച് കാണില്ല. തുടക്കത്തില്‍ വിക്കറ്റ് നഷ്ടത്തിനു ശേഷം ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ തകര്‍ത്ത മധ്യനിരയുടെ പരാജയത്തിനു ശേഷം റഷീദ് ഖാനും ഗുല്‍ബാദിന്‍ നൈബും ടീമിന്റെ രക്ഷകരായി അവതരിച്ചപ്പോള്‍ റഷീദ് ഖാന് ഇന്നത്തെ ഇന്നിംഗ്സ് ഇരട്ടി മധുരമുള്ളതായിരുന്നു.

95 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. അതില്‍ റഷീദ് ഖാന്‍ ആണ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചത്. ഇരുവരും ഒത്തുചേര്‍ന്നപ്പോള്‍ 200 എന്ന സ്കോര്‍ മറികടക്കുക എന്നത് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന്റെ ലക്ഷ്യമെങ്കിലും അവസാന ഓവറുകളില്‍ കത്തിക്കയറിയ കൂട്ടുകെട്ട് ടീം സ്കോര്‍ 250 കടത്തുകയായിരുന്നു.

32 പന്തില്‍ 8 ബൗണ്ടറിയും 1 സിക്സും സഹിതം റഷീദ് ഖാന്‍ തന്റെ പിറന്നാള്‍ അര്‍ദ്ധ ശതകം നേടി ആഘോഷിച്ചപ്പോള്‍ ഗുല്‍ബാദിന്‍ നൈബ് 38 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. 220 റണ്‍സ് പ്രതീക്ഷിച്ച അഫ്ഗാനിസ്ഥാനു 255 റണ്‍സ് നേടിയതിലൂടെ അധിക ബോണ്‍സ് ലഭിക്കുകയും ചെയ്തു. 55 പന്തുകളില്‍ നിന്നാണ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ വീരോചിതമായ പോരാട്ടം.

20ാം വയസ്സില്‍ തന്റെ മൂന്നാം അര്‍ദ്ധ ശതകമാണ് ഇന്ന് റഷീദ് ഖാന്‍ തികച്ചത്. അവസാന ഓവറില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫേ മൊര്‍തസയെ നാല് ബൗണ്ടറിയടക്കം 19 റണ്‍സാണ് റഷീദ് ഖാനും നൈബും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. ഇതില്‍ നൈബിന്റെ റോള്‍ ആദ്യ പന്തില്‍ സിംഗിള്‍ എടുത്ത് നല്‍കി എന്നത് മാത്രമായിരുന്നു.

പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധ ശതകം നേടിയ 24 താരങ്ങളാണ് ഏകദിനത്തിലുള്ളത്. ഡാമിയന്‍ മാര്‍ട്ടിനും ഡാരെന്‍ ബ്രാവോയും ഈ നേട്ടം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്. യൂസഫ് പത്താന്‍ ഇംഗ്ലണ്ടിനെതിരെ തന്റെ പിറന്നാള്‍ ദിനത്തില്‍ നേടിയ 29 പന്തില്‍ നിന്നുള്ള 50* പിറന്നാളുകാരിലെ വേഗതയേറിയ അര്‍ദ്ധ ശതകം. റഷീദ് ഖാന്റെ ഇന്നത്തെ ഇന്നിംഗ്സ് ഈ ഗണത്തില്‍ രണ്ടാം സ്ഥാനത്തെത്തും.