പിസിബി ചെയര്‍മാനായി തിരികെയെത്തുവാനിരിക്കുന്ന സാക്ക അഷ്റഫ് കഴിഞ്ഞ ദിവസം ഏഷ്യ കപ്പിൽ എസിസി എടുത്ത നിലപാടിനെ ചോദ്യം ചെയ്തിരുന്നു. ഹൈബ്രിഡ് മോഡൽ അല്ല ടൂര്‍ണ്ണമെന്റ് പൂര്‍ണ്ണമായും പാക്കിസ്ഥാനിലായിരുന്നു നടത്തേണ്ടിയിരുന്നത് എന്നായിരുന്നു സാക്ക അഷ്റഫിന്റെ നിലപാട്. നജാം സേഥി മുന്നോട്ട് വെച്ച ഹൈബ്രിഡ് മോഡൽ താന്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാക്കിസ്ഥാന് അനുവദിച്ച ടൂര്‍ണ്ണമെന്റിൽ പാക്കിസ്ഥാന് കിട്ടിയത് അപ്രധാന മത്സരങ്ങളാണെന്നും അത് അനീതിയാണെന്നും സാക്ക അഷ്റഫ് പറഞ്ഞു. പ്രധാന മത്സരങ്ങളെല്ലാം വേറെ സ്ഥലത്താണ് കളിക്കുന്നത്. നേപ്പാളിനെ പോലെ കുഞ്ഞന്മാര്‍ മാത്രമാണ് പാക്കിസ്ഥാനിൽ കളിക്കുന്നത് എന്നും സാക്ക അഷ്റഫ് കൂട്ടിചേര്‍ത്തു.
എന്നാൽ ഹൈബ്രിഡ് മോഡൽ എസിസി അംഗീകരിച്ചതാണെന്നും സാക്ക അഷറഫിന് അദ്ദേഹത്തിന് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പേര് വെളിപ്പെടുത്താത്ത എസിസി ബോര്‍ഡ് അംഗം പറഞ്ഞു.
പാക്കിസ്ഥാന് അനുവദിച്ച ഏഷ്യ കപ്പ് ഇന്ത്യ അവിടേക്ക് സന്ദര്‍ശിക്കില്ല എന്ന് അറിയിച്ചതിനാൽ തന്നെ പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായാണ് നടത്തുന്നത്. ഇതിൽ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.