ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിന് ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടാൻ കഴിയുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. അശ്വിൻ 600 വിക്കറ്റ് നേടുമെന്നതിൽ തനിക്ക് ഉറപ്പില്ലെങ്കിലും 500 വിക്കറ്റ് നേടുമെന്നാണ് താൻ കരുതുന്നതെന്ന് ഹർഭജൻ പറഞ്ഞു. 417 വിക്കറ്റ് നേടിയ ഹർഭജൻ സിങ്ങാണ് അശ്വിന് മുന്പിലുള്ളത്. തന്റെ റെക്കോർഡും ഉടൻ തന്നെ അശ്വിൻ മറികടക്കുമെന്ന് ഹർഭജൻ പറഞ്ഞു. നിലവിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരുടെ പട്ടികയിൽ അശ്വിൻ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 350 വിക്കറ്റ് നേടുന്ന താരമായി അശ്വിൻ മാറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 8 വിക്കറ്റ് നേടിയാണ് അശ്വിൻ 350 നേട്ടം തികച്ചത്. അശ്വിൻ 66 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ഇത്രയും വിക്കറ്റുകൾ വീഴ്ത്തിയത്. അതെ സമയം ടെസ്റ്റിൽ ഏറ്റവുംകൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമായ സ്പിന്നർ അനിൽ കുംബ്ലെ 77 മത്സരങ്ങളിൽ നിന്നാണ് 350 വിക്കറ്റ് നേട്ടം തികച്ചത്.