കൈവിരലിന് പൊട്ടല്‍, ആഷ്ടണ്‍ ടര്‍ണര്‍ ആറാഴ്ചയോളം പുറത്ത്

Sports Correspondent

ശ്രീലങ്കയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയുമുള്ള ടി20 പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ടണ്‍ ടര്‍ണര്‍ കളിക്കാതിരിക്കുവാനുള്ള സാധ്യത ഏറെ. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയിലും നവംബര്‍ 3 മുതല്‍ 8 വരെ നടക്കുന്ന പാക്കിസ്ഥാന്‍ പരമ്പരയില്‍ നിന്നും താരം പിന്മാറേണ്ടി വരുമെന്നാണ് അറിയുന്നത്. മാര്‍ഷ് കപ്പിന് വേണ്ടിയുള്ള പരിശീലനത്തിനിടെയാണ് താരത്തിന്റെ വലത് ചൂണ്ട് വിരലിന് പൊട്ടലേറ്റത്.

ഇതിനെത്തുടര്‍ന്ന് നാല് മുതല്‍ ആറ് ആഴ്ച വരെ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയുന്നത്. അടുത്ത കാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ടര്‍ണര്‍ മാര്‍ഷ് കപ്പിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയില്‍ മൊഹാലി ഏകദിനത്തില്‍ 358/9 എന്ന സ്കോര്‍ ചേസ് ചെയ്യുമ്പോള്‍ 43 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.