മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ഓസ്ട്രേലിയൻ ടീമിന്റെ ഉപദേശകനായി തിരിച്ചെത്തി. മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ആഷസ് പരമ്പരക്ക് മുന്നോടിയായിട്ടാണ് സ്റ്റീവ് വോ ടീമിനൊപ്പം ചേർന്നത്. ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിൽ ടീമിനൊപ്പം ഉണ്ടായിരുന്ന സ്റ്റീവ് വോ ലോർഡ്സ് ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിച്ച് പോയിരുന്നു.
തുടർന്ന് നടന്ന മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ മുൻപിൽ തോൽവി സമ്മതിച്ചിരുന്നു. തുടർന്നാണ് ആദ്യ രണ്ട് ടെസ്റ്റിന് വേണ്ടി മാത്രം ഓസ്ട്രേലിയൻ ടീമിന്റെ കൂടെ ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന സ്റ്റീവ് വോയെ ഉപദേശകനായി ഓസ്ട്രേലിയ വീണ്ടും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. സ്വന്തം കൈപ്പിടിയിൽ നിന്ന് കൈവിട്ടുപോയ ആഷസ് കിരീടം തിരികെ ഓസ്ട്രേലിയയിൽ എത്തിക്കാൻ ഉറച്ച് തന്നെയാവും നാലാം ടെസ്റ്റിന് മാഞ്ചസ്റ്ററിൽ ഓസ്ട്രേലിയ ഇറങ്ങുക.
2004ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായാണ് സ്റ്റീവ് വോ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ചുമതലയേൽക്കുന്നത്.