ജോഫ്ര ആർച്ചറുടെ പന്ത് കഴുത്തിന് കൊണ്ടതിൽ പിന്നാലെ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ നിന്ന് പുറത്തുപോയ സ്റ്റീവ് സ്മിത്തിന്റെ അഭാവം ഇംഗ്ലണ്ട് മുതലെടുക്കുണമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ വിജയത്തിന് ചുക്കാൻ പിടിച്ച സ്റ്റീവ് സ്മിത്ത് രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയിരുന്നു. ഇത് മുതലെടുത്ത് ടെസ്റ്റ് വിജയം നേടി പരമ്പര 1-1ന് സമനിലയിലെത്തിക്കണമെന്നാണ് ജോ റൂട്ട് അഭിപ്രായപ്പെട്ടത്.
ആദ്യ ടെസ്റ്റിൽ രണ്ടു ഇന്നിങ്സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ പ്രകടനമാണ് ഓസ്ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്. 144, 142 എന്നീ സ്കോറുകളാണ് ആദ്യ ടെസ്റ്റിൽ സ്മിത്ത് അടിച്ചുകൂട്ടിയത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ജോഫ്ര ആർച്ചറുടെ പന്ത് കൊണ്ട് സ്റ്റീവ് സ്മിത്ത് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്തിരുന്നില്ല. അതിനെ തുടർന്ന് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി കൺകഷൻ സബ്സ്റ്റിട്യൂട് നടത്തി സ്മിത്തിന് പകരക്കാരനായി മാർനസ് ലാബ്ഷെയിൻ ബാറ്റ് ചെയ്തിരുന്നു.
അതെ സമയം ഇംഗ്ലണ്ട് നിരയിൽ ജെയിംസ് ആൻഡേഴ്സണിന്റെ അഭാവവും ഇംഗ്ലണ്ടിന് കനത്ത നഷ്ടമാണെന്ന് റൂട്ട് പറഞ്ഞു. കൂടാതെ പരിശീലനത്തിടെ പരിക്കേറ്റ ജേസൺ റോയിയും കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.