ഓസ്‌ട്രേലിയക്കെതിരായ നാലാം ആഷസ് ടെസ്റ്റിൽ മോശം ഫോമിലുള്ള ഓപണർ ജേസൺ റോയ്ക്ക് പകരം ജോ ഡെൻലി ഓപ്പണാറാകും. ആഷസ് ടെസ്റ്റിൽ 6 ഇന്നിങ്‌സുകൾ കളിച്ച ജേസൺ റോയ്ക്ക് വെറും 57 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. അതെ സമയം മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഡെൻലി അർദ്ധ ശതകം നേടിയിരുന്നു. കൂടാതെ ജോ റൂട്ടിന്റെ കൂടെ 126 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും ഡെൻലിക്കായിരുന്നു. ജോ ഡെൻലി ഓപണർ ആവുന്നതോടെ ജേസൺ റോയ് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യും.
ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടർന്നാണ് ജേസൺ റോയ്ക്ക് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചത്. എന്നാൽ ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനം ആവർത്തിക്കാൻ ജേസൺ റോയ്ക്കായിരുന്നില്ല . ആഷസ് പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 28 റൺസാണ് ജേസൺ റോയുടെ ടോപ് സ്കോർ. ആഷസ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് ബുധനാഴ്ച മാഞ്ചസ്റ്ററിൽ വെച്ച് നടക്കും. ഓരോ മത്സരം വീതം ജയിച്ച് പരമ്പര 1-1 എന്ന നിലയിലാണ്.