ആദ്യ മൂന്ന് ദിനങ്ങളും ഇംഗ്ലണ്ടിന് ചെറിയ ആധിപത്യം നൽകിയെങ്കിൽ ആഷസിലെ ആദ്യ ടെസ്റ്റിൽ നാലാം ദിവസത്തെ ഒന്നാം സെക്ഷൻ സ്വന്തമാക്കി ഓസ്‌ട്രേലിയ. 34 റൺസ് ലീഡുമായി നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ സ്മിത്തും ട്രാവിസ് ഹെഡും നല്ല ബാറ്റിങിലൂടെ ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ആക്രമിച്ച് കളിച്ച സ്മിത്ത് ആദ്യ ഇന്നിംഗിസിൽ എന്ന പോലെ മികച്ച സ്കോറിലേക്ക് നീങ്ങി. ഇതിനിടെ തന്റെ ആറാം അർദ്ധശതകം 111 പന്തിൽ കുറിച്ച ട്രാവിസ് ഹെഡ് സ്മിത്തിന് മികച്ച പിന്തുണ നൽകി. എന്നാൽ അപകടകരമായ ഈ കൂട്ടുകെട്ടിനു അന്ത്യം കുറിച്ച ബെൻ സ്റ്റോക്‌സ് ഇംഗ്ലണ്ടിന് പ്രതീക്ഷ തിരിച്ചു നൽകി. 51 റൺസ് എടുത്ത ഹെഡ് സ്റ്റോക്‌സിന്റെ പന്തിൽ ബരിസ്റ്റോ പിടിച്ചു പുറത്താവുകയായിരുന്നു.
നിലവിൽ 15 റൺസുമായി മാത്യു വേഡ് ആണ് 98 റൺസ് എടുത്ത സ്മിത്തിന് കൂട്ട്. ഉച്ചഭക്ഷണതത്തിനു പിരിയുമ്പോൾ 4 വിക്കറ്റിന് 231 എന്ന നിലയിൽ ആണ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ടിനെക്കാൾ 141 റൺസ് മുന്നിൽ. മികച്ച കൂട്ടകെട്ടിലൂടെ മികച്ച ലീഡിൽ എത്താൻ ആവും ഉച്ചഭക്ഷണശേഷം സ്മിത്ത് ശ്രമിക്കുക. മത്സരത്തിൽ തന്റെ രണ്ടാമത്തെ ശതകം ലക്ഷ്യമിടുന്ന സ്മിത്ത് ഈ നേട്ടം കൈവരിച്ചാൽ ആഷസിൽ ഇരു ഇന്നിങ്‌സിലും ശതകം നേടുന്ന അഞ്ചാമത്തെ മാത്രം ഓസ്‌ട്രേലിയൻ താരം ആവും. എത്രയും വേഗം ഇന്ന് തന്നെ ഓസ്‌ട്രേലിയയെ പുറത്തതാക്കാൻ ആവും ഇംഗ്ലീഷ് ബോളർമാരുടെ ശ്രമം.