പരിക്ക് മാറി ഇംഗ്ലണ്ട് നിരയിൽ ജോഫ്രെ ആർച്ചർ തിരിച്ചെത്തും

Staff Reporter

പരിക്ക് മൂലം ദക്ഷിണാഫ്രിക്കക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പുറത്തിരുന്ന ഫാസ്റ്റ് ബൗളർ ജോഫ്രെ ആർച്ചർ അവസാന ടെസ്റ്റിന് ടീമിൽ തിരിച്ചെത്തിയേക്കും. പരിക്ക് മാറി താരം നെറ്റ്സിൽ പരിശീലനം നടത്തിയെന്നും മികച്ച രീതിയിൽ പന്തെറിഞ്ഞെന്നും ഇംഗ്ലണ്ട് സഹ പരിശീലകൻ ഗ്രഹാം തോർപ്പ് പറഞ്ഞു. കൈമുട്ടിനേറ്റ പരിക്കാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആർച്ചർക്ക് തിരിച്ചടിയായത്.

ഫാസ്റ്റ് ബൗളിങ്ങിനെ പിന്തുണക്കുന്ന ജൊഹാനസ്ബർഗിലെ പിച്ചിൽ ജോഫ്രെ ആർച്ചർ തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാൽ മത്സരം തുടങ്ങുന്നതിന് മുൻപ് അവസാന വട്ട ഫിറ്റ്നസ് ടെസ്റ്റിന് ശേഷമാവും ആർച്ചറിനെ ടീമിലേക്ക് പരിഗണിക്കുകയെന്നും ഗ്രഹാം തോർപ്പ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇംഗ്ലണ്ടിന്റെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ്. നിലവിൽ 2-1 എന്ന നിലയിൽ ഇംഗ്ലണ്ട് പരമ്പരയിൽ മുൻപിലാണ്.