ബോൾട്ടിനെയും കാണികളേയും 5 സെറ്റ് പോരാട്ടത്തിൽ മറികടന്ന് തീം മൂന്നാം റൗണ്ടിൽ

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആവേശകരമായ രണ്ടാം റൗണ്ട് മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം അലക്‌സ് ബോൾട്ടിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മറികടന്ന് അഞ്ചാം സീഡ് ഡൊമനിക് തീം മൂന്നാം റൗണ്ടിൽ കടന്നു. ബോൾട്ടിനെയും ഒപ്പം ഓസ്‌ട്രേലിയൻ താരത്തിനായി ആർത്ത് വിളിച്ച കാണികളേയും മറികടന്ന് ആണ് അഞ്ചാം സീഡ് ആയ ഡാനിഷ് താരം മത്സരം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 6-2 നു ജയിച്ച തീമിനെതിരെ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്ന ബോൾട്ട് 7-5 നു സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. ടൈബ്രെക്കറിലേക്ക് നീണ്ട മൂന്നാം സെറ്റ് ബോൾട്ട് നേടിയതോടെ ഓസ്ട്രിയൻ താരം അപകടം മണത്തു.

നാലാം സെറ്റിൽ മത്സരത്തിൽ നിലനിൽക്കാൻ ഉണർന്നു കളിച്ച തീം ബോൾട്ടിനെയും കാണികളുടെയും വായ അടപ്പിച്ചു. 6-1 നു നാലാം സെറ്റ് അഞ്ചാം സീഡിന് സ്വന്തം. അഞ്ചാം സെറ്റിലും തന്റെ ഉജ്ജ്വല ഫോം തുടർന്ന തീം 6-2 നു അഞ്ചാം സെറ്റും മത്സരവും സ്വന്തം പേരിലാക്കി മൂന്നാം റൗണ്ട് ഉറപ്പിച്ചു. അതിനിടെ സ്പാനിഷ് താരം മുനാറിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന ഓസ്‌ട്രേലിയൻ യുവ താരം അലക്‌സി പോപിയിരിൻ ഓസ്‌ട്രേലിയൻ പ്രതീക്ഷയായി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 6-2, 7-6, 6-2 എന്ന സ്കോറിന് ആയിരുന്നു ഓസ്‌ട്രേലിയൻ യുവതാരത്തിന്റെ രണ്ടാം റൗണ്ട് ജയം.

Advertisement