ഐ.സി.സിയിൽ ഇന്ത്യക്കെതിരെ പാകിസ്ഥാന് വീണ്ടും തിരിച്ചടി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര നടത്തുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഐ.സി.സിയെ സമീപിച്ച പാകിസ്ഥാന് വീണ്ടും തിരിച്ചടി. പാകിസ്ഥാനെതിരെ നിയമനടപടിക്ക് ഇന്ത്യക്ക് ചിലവായതിന്റെ 60% പാകിസ്ഥാൻ നൽകണമെന്നാണ് കഴിഞ്ഞ ദിവസം ഐ.സി.സിയുടെ തർക്ക പരിഹാര സമിതി ഉത്തരവിട്ടു.

നേരത്തെ പാകിസ്ഥാന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരമ്പര നടത്തത്തിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപെട്ട് തർക്ക പരിഹാര സമിതിയെ സമീപിച്ച പാകിസ്ഥാന്റെ വാദത്തെ ഐ.സി.സി തള്ളിയിരുന്നു. ഇതിനു പുറമെയാണ് ഇതുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചിലവായതിന്റെ 60% തുക ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് പാകിസ്ഥാൻ നൽകണമെന്ന് ആവശ്യപ്പെട്ട് വിധി വന്നത്.

നേരത്തെ 2015 മുതൽ 2023 വരെ പാകിസ്ഥാനുമായി 6 പരമ്പരകൾ കളിക്കാമെന്ന കരാർ ഇന്ത്യ ലംഘിച്ചുവെന്ന് പറഞ്ഞ് 447 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്ഥാൻ ഐ.സി.സിയെ സമീപിച്ചത്. എന്നാൽ ഈ വാദം ഐ.സി.സിയുടെ തർക്ക പരിഹാര സമിതി തള്ളുകയായിരുന്നു.