മുന്‍ ഇംഗ്ലണ്ട് നായകന് ആന്‍ഡ്രേ സ്ട്രോസ്സ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിലേക്ക് മടങ്ങിയെത്തുന്നു. ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനെന്ന പുതിയ റോളിലാണ് സ്ട്രോസ്സ് തിരികെ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ സ്ഥാനം സ്ട്രോസ്സ് രാജിവെച്ചിരുന്നു. ക്യാന്‍സര്‍ ബാധിതയായ തന്റെ ഭാര്യയോടൊപ്പം സമയം ചെലവഴിക്കുവാനായിരുന്നു സ്ട്രോസ്സിന്റെ അന്നത്തെ തീരുമാനം. മൂന്ന് വര്‍ഷം ഡയറക്ടറായി നിന്ന ശേഷം സ്ട്രോസ്സ് വിടവാങ്ങിയപ്പോള്‍ താത്കാലികമായി ആന്‍ഡി ഫ്ലവറിനെയും പിന്നീട് ആഷ്ലി ഗൈല്‍സിനെ ഈ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നൈറ്റ് പദവി കിട്ടിയ സ്ട്രോസ്സ് തന്റെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിലേക്കുള്ള മടങ്ങി വരവ് ഏറെ സന്തോഷം നല്‍കുന്നുവെന്ന് പറഞ്ഞു. 2015 ലോകകപ്പില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ടിനെ വീണ്ടും തിരിച്ചുവരവിന്റെ പാതയിലേക്ക് വന്നത് സ്ട്രോസ്സ് ഇംഗ്ലണ്ടിന്റെ ഡയറക്ടറായി വന്ന ശേഷമാണ്. 2016ല്‍ ടി20 ലോകകപ്പ് ഫൈനലിലേക്ക് ടീം എത്തിയെങ്കിലും അന്ന് വിജയിക്കുവാന്‍ ആയിരുന്നില്ല, പിന്നീട് സ്ട്രോസ്സ് വിടവാങ്ങിയ ശേഷം ഇംഗ്ലണ്ട് ലോകകപ്പ് കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു.