അയര്‍ലണ്ടിലെ ജയത്തിലേക്ക് നയിച്ച് ആന്‍ഡ്രൂ ബാല്‍ബിര്‍ണേ

Sports Correspondent

അഫ്ഗാനിസ്ഥാന്‍ നേടിയ 256 റണ്‍സിനെ 49 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് അയര്‍ലണ്ട്. തുടക്കം പാളിയെങ്കിലും ആന്‍ഡ്രൂ ബാല്‍ബിര്‍ണേ-ജോര്‍ജ്ജ് ഡോക്രെല്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് അയര്‍ലണ്ടിനെ തിരികെ കൊണ്ടുവന്നത്. അഫ്ഗാനിസ്ഥാനെ പോലെ തന്നെ തുടക്കത്തില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ കെവിന്‍ ഒബ്രൈനും(21) അഞ്ചാം വിക്കറ്റില്‍ ജോര്‍ജ്ജ് ഡോക്രെല്ലും നല്‍കിയ പിന്തുണ മുതലാക്കി ആന്‍ഡ്രൂ അയര്‍ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

43 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ അയര്‍ലണ്ട് അഞ്ചാം വിക്കറ്റില്‍ 143 റണ്‍സാണ് നേടിയത്. എന്നാല്‍ ഡോക്രെല്‍ പുറത്തായ ശേഷം സ്റ്റുവര്‍ട് പോയന്ററിനെയും പുറത്താക്കി അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വീണ്ടും പ്രതീക്ഷ പുലര്‍ത്തി. എന്നാല്‍ ഏകദിനത്തിലെ തന്റെ ഉയര്‍ന്ന സ്കോറായ 145 റണ്‍സ് നേടി പുറത്താകാതെ ആന്‍ഡ്രൂ ബാല്‍ബിര്‍ണേ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ജയത്തോടെ അയര്‍ലണ്ട് പരമ്പരയില്‍ 1-1നു ഒപ്പമെത്തി. അഫ്ഗാനിസ്ഥാനു വേണ്ടി ദവലത് സദ്രാന്‍ 2 വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാന്‍(104*), അസ്ഗര്‍ അഫ്ഗാന്‍(75) എന്നിവരുടെ ബാറ്റിംഗ് മികവാണ് 256/8 എന്ന സ്കോറിലേക്ക് നയിച്ചത്.