ലോര്‍ഡ്സില്‍ മാത്രം 100 വിക്കറ്റുകള്‍, പുതു ചരിത്രം സൃഷ്ടിച്ച് ജെയിംസ് ആന്‍ഡേഴ്സണ്‍

- Advertisement -

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ മാത്രമായി 100 ടെസ്റ്റ് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സണ്‍. ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്സിനിടെ ആദ്യ വിക്കറ്റായ മുരളി വിജയ്‍യെ പുറത്താക്കിയാണ് ഈ ചരിത്ര നേട്ടം ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയത്. ഒരേ ടെസ്റ്റ് വേദിയില്‍ നൂറോ അതിലധികമോ വിക്കറ്റെന്ന നേട്ടം നേടിയിട്ടുള്ള മറ്റൊരു താരം ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ മാത്രമാണ്. കൊളംബോയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബ്ബ്(166), കാന്‍ഡിയിലെ അസ്ഗിരിയ സ്റ്റേഡിയം(117), ഗോള്‍ അന്താരാഷ്ട്ര സ്റ്റേഡിയം(111) എന്നിവിടങ്ങളിലാണ് മുരളീധരന്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

പൂജ്യം റണ്‍സിനു മുരളി വിജയ്‍യെ പുറത്താക്കിക ജെയിംസ് ആന്‍ഡേഴ്സണ്‍ ലോകേഷ് രാഹുലിനെയും(10) പുറത്താക്കി. നാലാം ദിവസം ഇന്ത്യയുടെ ഇന്നിംഗ്സിനിടെ മഴ വീണ്ടും തടസ്സം സൃഷ്ടിച്ചപ്പോള്‍ ഇന്ത്യ 17/2 എന്ന നിലയിലാണ്. 5 റണ്‍സുമായി ചേതേശ്വര്‍ പുജാരയും 1 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയുമാണ് വിക്കറ്റ് നേട്ടക്കാര്‍.

നേരത്തെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 397/6 എന്ന സ്കോറിനു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 40 റണ്‍സ് നേടിയ സാം കറനെ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പുറത്താക്കിയ ശേഷമായിരുന്നു ഡിക്ലറേഷന്‍. ക്രിസ് വോക്സ് 137 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാര്‍ദ്ദിക്ക് പാണ്ഡ്യയും മുഹമ്മദ് ഷമിയും മൂന്ന് വീതം വിക്കറ്റ് ഇന്ത്യയ്ക്കായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement