മിക്കി ആർതർ എന്നും സംരക്ഷിക്കാനുണ്ടാകില്ലെന്ന് അമീർ മനസ്സിലാക്കണമായിരുന്നു, താരത്തിന് പക്വതയില്ല

പാക്കിസ്ഥാൻ മുൻ താരം മുഹമ്മദ് അമീറിന് പക്വതയില്ലെന്ന് പറഞ്ഞ് ഷൊയ്ബ് അക്തർ. താരത്തിന് മുൻ കോച്ച് മിക്കി ആർതറിൽ നിന്ന് എന്നും സംരക്ഷണം കിട്ടുമെന്ന ചിന്ത പാടില്ലായിരുന്നുവെന്നും ടീം മാനേജ്മെന്റുമായുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അക്തർ പറഞ്ഞു. മുഹമ്മദ് ഹഫീസിന് പലപ്പോഴും മാനേജ്മെന്റുമായി പ്രശ്നമുണ്ടായിരുന്നുവെന്നും എന്നാൽ താരം ദൈർഘ്യമേറിയ കരിയർ സ്വന്തമാക്കിയത് എങ്ങനെയെന്ന് അമീർ പഠിക്കേണ്ടതുണ്ടെന്നും ഷൊയ്ബ് അക്തർ പറഞ്ഞു.

ചില ദിവസം നമുക്ക് നല്ലതായിരിക്കും ചില ദിവസം മോശമായിരിക്കും എന്നും ഒരാളുടെ തണലിൽ കഴിയാമെന്ന ചിന്തയാണ് അമീറിന് വിനയായതെന്നും താരത്തിന് ഒട്ടും പക്വതയില്ലെന്നുമാണ് അക്തർ അഭിപ്രായപ്പെട്ടത്. ഹഫീസിനെതിരെ മാനേജ്മെന്റ് തിരിഞ്ഞപ്പോൾ താരം ബാറ്റ് കൊണ്ടാണ് മറുപടി കൊടുത്തതെന്നും അതിനാൽ തന്നെ സെലക്ടർമാർക്ക് താരത്തെ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും അക്തർ സൂചിപ്പിച്ചു.

പാക്കിസ്ഥാൻ ടീം മാനേജ്മെന്റുമായുള്ള പ്രശ്നം കാരണം മുഹമ്മദ് അമീർ കഴിഞ്ഞ വർഷം അവസാനം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാൻ തീരുമാനിച്ചിരുന്നു.