ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആകാശ് ദീപിന് വരാനിരിക്കുന്ന ദുലീപ് ട്രോഫി മത്സരങ്ങൾ നഷ്ടമാകും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താരത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാലാണ് പിന്മാറ്റം. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 11 വരെ ബെംഗളൂരുവിലാണ് മത്സരങ്ങൾ നടക്കുന്നത്.

28-കാരനായ ബംഗാൾ പേസർ ഈസ്റ്റ് സോൺ ടീമിൽ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ അസമിൻ്റെ മുക്താർ ഹുസൈനെ പകരക്കാരനായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 13 വിക്കറ്റുകളാണ് ആകാശ് ദീപ് നേടിയത്. എഡ്ജ്ബാസ്റ്റണിൽ 10 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരം, ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ബൗളറുടെ മികച്ച റെഡ്-ബോൾ പ്രകടനമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ആകാശ് ദീപിൻ്റെ അഭാവത്തിൽ മുഹമ്മദ് ഷമിയും മുകേഷ് കുമാറും ഈസ്റ്റ് സോണിന്റെ പേസ് ആക്രമണത്തിന് നേതൃത്വം നൽകും.
ഈസ്റ്റ് സോൺ ടീം: ഇഷാൻ കിഷൻ (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സന്ദീപ് പട്നായിക്, വിരാട് സിംഗ്, ഡെനിഷ് ദാസ്, ശ്രീദാം പോൾ, ശരൺദീപ് സിംഗ്, കുമാർ കുശാഗ്ര, റിയാൻ പരാഗ്, ഉത്കർഷ് സിംഗ്, മനീഷി, സൂരജ് സിന്ധു ജയ്‌സ്വാൾ, മുകേഷ് കുമാർ, മുക്താർ ഹുസൈൻ, മുഹമ്മദ് ഷമി.
സ്റ്റാൻഡ്‌ബൈ: ആസിർവാദ് സ്വയിൻ, വൈഭവ് സൂര്യവംശി, സ്വാസ്തിക് സാമൽ, സുദീപ് കെ ഗരാമി, രാഹുൽ സിംഗ്.