ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, കാണ്ഡഹാറിനെ തകര്‍ത്ത് കാബുള്‍

കാണ്ഡഹാര്‍ നൈറ്റ്സിനെ തോല്‍വിയിലേക്ക് തള്ളിയിട്ട് റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത കാണ്ഡഹാറിനെ 152/5 എന്ന നിലയില്‍ കാബുള്‍ സ്വാനന്‍ നിലനിര്‍ത്തിയപ്പോള്‍ തന്റെ നാലോവറില്‍ റഷീദ് ഖാന്‍ വഴങ്ങിയത് 14 റണ്‍സാണ്. ഒരു വിക്കറ്റ് താരം നേടുകയും ചെയ്തു. 31 പന്തില്‍ 60 റണ്‍സ് നേടിയ അസ്ഗര്‍ അഫ്ഗാന്‍ ആണ് കാണ്ഡഹാര്‍ നിലയിലെ പ്രധാന താരം. നസീര്‍ ജമാല്‍(28), നജീബുള്ള സദ്രാന്‍(25) എന്നിവരും ടീമിനായി റണ്‍സ് കണ്ടെത്തി. ഫരീദ് അഹമ്മദ് രണ്ടും വെയിന്‍ പാര്‍ണെല്‍, സഹീര്‍ ഷെഹ്സാദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലൂക്ക് റോഞ്ചി( 14 പന്തില്‍ 31), ലൗറി ഇവാന്‍സ്(32*) എന്നിവര്‍ക്കൊപ്പം പുറത്താകാതെ എട്ട് പന്തില്‍ നിന്ന് 27 റണ്‍സുമായി ക്രീസില്‍ നിന്ന റഷീദ് ഖാന്‍ ആണ് കാബുളിനെ വിജയത്തിലേക്ക് നയിച്ചത്. 19.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ടീമിന്റെ വിജയം. കാബുളിനെ 4 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച റഷീദ് ഖാന്‍ ആണ് കളിയിലെ താരം. കരിം ജനത് 3 വിക്കറ്റും സയ്യദ് ഷിര്‍സാദ് 2 വിക്കറ്റും നേടി കാണ്ഡഹാര്‍ ബൗളര്‍മാരില്‍ തിളങ്ങി.

രണ്ടോവറില്‍ 24 റണ്‍സ് വിജയിക്കുവാന്‍ വേണ്ടിയിരുന്ന അവസരത്തില്‍ ഷിര്‍സാദ് എറിഞ്ഞ 19ാം ഓവറില്‍ രണ്ടാം പന്തില്‍ ബൗണ്ടറിയും അവസാന മൂന്ന് പന്തില്‍ തുടര്‍ച്ചയായി സിക്സുകളും നേടി റഷീദ് ഖാന്‍ ഓവറില്‍ നിന്ന് 23 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ സിംഗിള്‍ നേടി ഇവാന്‍സ് ടീമിന്റെ വിജയം ഉറപ്പാക്കി.

Previous articleമെസ്സി വന്നാൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപ്പെടില്ല എന്ന് സ്കോൾസ്
Next articleചെന്നൈയിനിൽ റെക്കോർഡ് ഇട്ട 18കാരൻ ബോഡോ ഇനി ഗോകുലത്തിൽ