ബാറ്റിംഗില്‍ ആന്റണ്‍ ഡെവിസിച്ച്, ബൗളിംഗില്‍ റഹ്മത്ത് ഷാ, ലെപ്പേര്‍ഡ്സിനു ജയം

കാബുള്‍ സ്വാനനെതിരെ 15 റണ്‍സിന്റെ ജയം സ്വന്തമാക്കി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആന്റണ്‍ ഡെവ്സിച്ച്(77 റണ്‍സ്) ബാറ്റിംഗിലും റഹ്മത്ത് ഷാ(3 വിക്കറ്റ്) തിളങ്ങിയ മത്സരത്തിലാണ് കാബുള്‍ സ്വാനനെ കീഴടക്കുവാന്‍ ലെപ്പേര്‍ഡ്സിനായത്. ആദ്യം ബാറ്റ് ചെയ്ത ലെപ്പോര്‍ഡ്സ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 182 റണ്‍സ് നേടുകയായിരുന്നു.

ഡെവിസിച്ചിനൊപ്പം ജോണ്‍സണ്‍ ചാള്‍സ്(43), ഹഷ്മത്തുള്ള ഷഹീദി(29*) എന്നിവരും തിളങ്ങിയപ്പോള്‍ മികച്ച സ്കോറിലേക്ക് ലെപ്പേര്‍ഡ്സ് നീങ്ങി. കാബൂളിനായി വെയിന്‍ പാര്‍ണെല്‍ രണ്ട് വിക്കറ്റും മുസ്ലീം മൂസ, സമീര്‍, റഷീദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കാബുളിനു മികച്ച തുടക്കമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് നല്‍കിയത്. 6.4 ഓവറില്‍ 80 റണ്‍സ് നേടി മിന്നും തുടക്കത്തിനു ശേഷമാണ് 167 റണ്‍സില്‍ ടീമിന്റെ ഇന്നിംഗ്സ് അവസാനിച്ചത്. ഹസ്രത്തുള്ള സാസായി 20 പന്തില്‍ 40 റണ്‍സും ലൂക്ക് റോഞ്ചി 31 പന്തില്‍ 50 റണ്‍സും നേടിയ ശേഷം പുറത്താകുകയായിരുന്നു.

റോഞ്ചിയുടെ വിക്കറ്റ് ഉള്‍പ്പെടെ 3 വിക്കറ്റ് നേടിയ റഹ്മത് ഷായാണ് കളിയിലെ താരം. ഒപ്പം മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും മിച്ചല്‍ മക്ലെനാഗന്‍ രണ്ടും വിക്കറ്റ് നേടി ടീമിനെ 15 റണ്‍സ് വിജയം നേടുവാന്‍ സഹായിച്ചു.