ഫൈനലിന് മുന്നത്തെ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടോസ് നേടി ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം അഫ്ഗാനിസ്ഥാന്‍ പിന്നീട് കളഞ്ഞ് കുളിക്കുന്നതാണ് കണ്ടത്. ഹസ്രത്തുള്ള സാസായി 35 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 29 റണ്‍സും നേടി ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ 75 റണ്‍സാണ് നേടിയത്.
എന്നാല്‍ ഒരേ ഓവറില്‍ സാസായിയെയും അസ്ഗര്‍ അഫ്ഗാനെ പൂജ്യത്തിനും പുറത്താക്കി അഫിഫ് ഹൊസൈന്‍ ആണ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാന്‍ റഹ്മാനുള്ള ഗുര്‍ബാസിനെ പുറത്താക്കി. മുഹമ്മദ് നബിയെ ഷാക്കിബ് പുറത്താക്കിയപ്പോള്‍ 75/0 എന്ന നിലയില്‍ നിന്ന് 88/4 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകര്‍ന്നു.
തുടര്‍ന്നും വിക്കറ്റുകളുമായി ബംഗ്ലാദേശ് മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ നിശ്ചിത 20 ഓവറില്‍ നിന്ന് അഫ്ഗാനിസ്ഥാന് 138 റണ്‍സ് മാത്രമേ നേടാനായുള്ളു. അവസാന ഓവറുകളില്‍ ഷഫീക്കുള്ള ഷഫീക്കും റഷീദ് ഖാനും കൂടി നേടിയ എട്ടാം വിക്കറ്റിലെ 24 റണ്‍സാണ് 138 റണ്‍സിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചത്. ഷഫീക്ക് 23 റണ്‍സും റഷീദ് ഖാന്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.