ചരിത്ര നിമിഷം, ദക്ഷിണാഫ്രിക്കയെ ആദ്യമായി പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാന്‍

Sports Correspondent

അന്താരാഷ്ട്ര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ഷാര്‍ജയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ 106 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം നേടുകയായിരുന്നു.

52 റൺസ് നേടിയ വിയാന്‍ മുള്‍ഡര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ പൊരുതിയത്. താരത്തിന്റെ ചെറുത്ത്നില്പില്ലായിരുന്നുവെങ്കില്‍ ദക്ഷിണാഫ്രിക്ക നൂറ് പോലും കടക്കില്ലായിരുന്നു. 33.3 ഓവറിലാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി നാലും അല്ലാഹ് ഗാസാന്‍ഫാര്‍ മൂന്നും റഷീദ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. ഗാസാന്‍ഫര്‍ വെറും 20 റൺസാണ് തന്റെ പത്തോവറിൽ വിട്ട് നൽകിയത്.

Afghanistan

അഫ്ഗാനിസ്ഥാന് ആദ്യ ഓവറിൽ തന്നെ റഹ്മാനുള്ള ഗുര്‍ബാസിനെ നഷ്ടമായെങ്കിലും വിജയത്തിലേക്ക് 4 വിക്കറ്റ് നഷ്ടത്തിൽ 26 ഓവറിൽ എത്തുവാന്‍ ടീമിന് സാധിച്ചു. 34 റൺസുമായി പുറത്താകാതെ നിന്ന ഗുൽബാദിന്‍ നൈബും 25 റൺസുമായി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അസ്മത്തുള്ള ഒമര്‍സായിയുമാണ് അഫ്ഗാനിസ്ഥാന്റെ ചരിത്ര വിജയം സാധ്യമാക്കിയത്.