അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ ഇറക്കുക രണ്ടാം നിരയോ?

Sports Correspondent

ഓസ്ട്രേലിയയുമായുള്ള തങ്ങളുടെ ഏക ടെസ്റ്റ് പുനഃക്രമീകരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ അറിയിച്ചിരുന്നു. നവംബര്‍ 2021ല്‍ മാത്രമാവും ടെസ്റ്റ് പരമ്പര നടക്കുക എന്ന് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തീരുമാനത്തിലെത്തുകയാണെന്നാണ് അറിഞ്ഞത്. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ട് ഇതെങ്ങനെ സാധ്യമാകുമെന്ന് സംശയം ഉയരുകയാണ് അഫ്ഗാനിസ്ഥാന്റെയും ഓസ്ട്രേലിയയുടെയും നവംബറിലെ മത്സരക്രമം പരിശോധിക്കുമ്പോള്‍.

ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് നവംബര്‍ 15ന് മാത്രമാണ് അവസാനിക്കുക എന്നതും ഓസ്ട്രേലിയയുടെ ആഷസ് പരമ്പര നവംബര്‍ 22ന് ആരംഭിക്കുന്നു എന്നതും പരിഗണിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ടാം നിര ടീമിനെ ഇറക്കുവാനാണ് സാധ്യതയെന്നാണ് മനസ്സിലാകുന്നത്.

അതേ സമയം സിംബാബ്‍വേയുമായും അഫ്ഗാനിസ്ഥാന്‍ നവംബറില്‍ പരമ്പര കളിക്കുവാനിരിക്കുകയാണെന്നത് പരിഗണിക്കുമ്പോള്‍ ഈ ചുരുങ്ങിയ കാലയളവില്‍ അഫ്ഗാനിസ്ഥാന്‍ ഈ മത്സരങ്ങളിലെല്ലാം സജ്ജരായിരിക്കുമോ എന്നതും വലിയൊരു ചോദ്യമാണ്.